ആശുപത്രിയില്‍ എത്തിച്ചത് കുഴഞ്ഞുവീണെന്ന് പറഞ്ഞ്; കഴുത്തില്‍ കയര്‍ മുറുക്കിയതിന് സമാനമായ പാട്; മകള്‍ക്ക് എന്തുപറ്റിയെന്ന ചോദ്യത്തിന് എനിക്ക് കൈയബദ്ധം പറ്റിയെന്ന് പ്രദീപ് പറഞ്ഞു; മകളെ കൊന്നത് തന്നെയെന്ന് യുവതിയുടെ അമ്മ; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

Update: 2025-07-24 11:27 GMT

ആലത്തൂര്‍: യുവതി ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. തോണിപ്പാടം കല്ലിങ്കല്‍ വീട്ടില്‍ പ്രദീപിന്റെ ഭാര്യ നേഹ (24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 12.30 നാണ് കട്ടിലില്‍നിന്നു താഴെ വീണുകിടക്കുന്ന നിലയില്‍ നേഹയെ കണ്ടത്. യുവതിയുടെ ബന്ധുക്കളുടെ പരാതില്‍ ഭര്‍ത്താവ് പ്രദീപിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

രാത്രി 10ന് നേഹയും ഭര്‍ത്താവും രണ്ടര വയസുള്ള മകള്‍ അലൈനയുമായി മുറിയില്‍ ഉറങ്ങാന്‍ കിടന്നിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടുണര്‍ന്നപ്പോഴാണ് താഴെ വീണു കിടക്കുന്ന നേഹയെ കണ്ടതെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. കണ്ണമ്പ്ര കാരപ്പൊറ്റ സ്വദേശിയായ മുന്‍ സൈനികന്‍ സുബ്രഹ്‌മണ്യന്റെ മകളാണ് മരിച്ച നേഖ.

വീട്ടിലെ കിടപ്പുമുറിയിലാണ് ഇന്നലെ രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അസ്വാഭാവികത തോന്നിയതിനാല്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് പ്രദീപിനെ ആലത്തൂര്‍ പൊലീസ് ചോദ്യം ചെയ്യുന്നു.

നേഖയെ മുമ്പും ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് അമ്മ പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാണെന്നും നേഖയുടെ അമ്മ ജയന്തി പറഞ്ഞു. പ്രതീപിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അഞ്ച് വര്‍ഷം മുമ്പാണ് നേഖയുടെയും പ്രദീപിന്റെയും വിവാഹം നടന്നത്.

പലവട്ടം ഭര്‍ത്താവില്‍ നിന്ന് മര്‍ദനം ഏറ്റിട്ടുണ്ട്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നേഘയുടെ അമ്മ പറയുന്നു. രാത്രി സംസാരിച്ചപ്പോള്‍ രാവിലെ വിളിക്കാം എന്ന് പറഞ്ഞാണ് ഫോണ്‍വച്ചത്. മകളെ കൊന്നത് തന്നെയാണ്. മരണവര്‍ത്തയറിഞ്ഞ ശേഷം മകള്‍ക്ക് എന്തുപറ്റിയെന്ന ചോദ്യത്തിന് എനിക്ക് കൈയബദ്ധം പറ്റിയെന്ന് പ്രദീപ് പറഞ്ഞുവെന്നും അമ്മ പറഞ്ഞു.

മകളുടെ കഴുത്തില്‍ പാടുകള്‍ ഉണ്ട്. ഇന്നലെ രാത്രി ഫോണില്‍ സംസാരിച്ചിരുന്നു. നാളെ വിളിക്കാമെന്ന് പറഞ്ഞാണ് ഫോണ്‍ വെച്ചത്. പിന്നീട് രാത്രി 12 മണിക്ക് ഭര്‍ത്താവ് വിളിച്ച് നേഖ മരിച്ചെന്ന് പറയുകയായിരുന്നു. ആലത്തൂരിലെ ആശുപത്രിയില്‍ എത്തുമ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ എല്ലാം അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ഭര്‍ത്താവ് പ്രദീപ് ഉപദ്രവിക്കാറുണ്ടെന്ന് നേഖ പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകുവെന്നും പോലീസ് അറിയിച്ചു. കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.

Tags:    

Similar News