സോഷ്യൽ മീഡിയയിലെ പുരുഷന്മാരെ ഭീഷണിപ്പെടുത്തി പണം തട്ടി ആർഭാട ജീവിതം; മറ്റുള്ളവരുമായി ബന്ധം പാടില്ലെന്ന് ആൺസുഹൃത്തിന്റെ താക്കീത്; നിയന്ത്രണം തലവേദനയായതോടെ ഒഴിവാക്കാൻ പദ്ധതിയിട്ടു; സുഹൃത്തുക്കളുടെ സഹായത്തോടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി യുവതികൾ
ചെന്നൈ: തമിഴ്‌നാട്ടിലെ ചെന്നൈയ്ക്ക് സമീപം പല്ലാവരത്ത് ആൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിൽ രണ്ട് യുവതികളെയും പ്രായപൂർത്തിയാകാത്ത ഒരാളെയും പോലീസ് അറസ്റ്റ് ചെയ്തു. തിരുശൂലം സ്വദേശിയും നിർമാണ തൊഴിലാളിയുമായ സെൽവകുമാർ ആണ് കൊല്ലപ്പെട്ടത്. റീന (24), രച്ചിത (25) എന്നിവരെയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പതിനേഴുകാരനായ സുഹൃത്തിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദങ്ങളിലൂടെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന യുവതികളെ സെൽവകുമാർ നിയന്ത്രിക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കേസുമായി ബന്ധപ്പെട്ട് ഒളിവിൽപോയ അലക്സ് (24) ഉൾപ്പെടെ മൂന്ന് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോലീസ് നൽകുന്ന വിവരമനുസരിച്ച്, റീനയും രച്ചിതയും സുഹൃത്തുക്കളാണ്. റീന വിവാഹിതയും രച്ചിത അവിവാഹിതയുമാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.
റീലുകൾ പങ്കുവെക്കുകയും നിരവധി യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്ത യുവതികൾ, പിന്നീട് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടുകയും ആഡംബര ജീവിതം നയിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട സെൽവകുമാർ സോഷ്യൽ മീഡിയ വഴി റീനയുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് രച്ചിതയുമായും അടുക്കുകയും ചെയ്തിരുന്നു. മറ്റ് പുരുഷന്മാരുമായി ബന്ധപ്പെടരുതെന്ന് പറഞ്ഞ് സെൽവകുമാർ യുവതികളെ ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തതോടെ അവർ സമ്മർദത്തിലായി.
സെൽവകുമാർ തങ്ങളെ നിയന്ത്രിക്കുമെന്നും ജീവിച്ചിരുന്നാൽ ഭീഷണിയാകുമെന്നും ഇവർ ഭയന്നു. തുടർന്നാണ് ഇരുവരും ചേർന്ന് സെൽവകുമാറിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. കൊലപാതകം ആസൂത്രണം ചെയ്യുന്നതിനായി യുവതികൾ സോഷ്യൽ മീഡിയ വഴി സുഹൃത്തുക്കളുടെ സഹായം തേടി. തുടർന്ന് അലക്സ്, പതിനേഴുകാരൻ, മറ്റ് രണ്ടു പേർ എന്നിവരുമായി ചേർന്ന് കൊലപാതകത്തിന് പദ്ധതി തയ്യാറാക്കി. കഴിഞ്ഞ ബുധനാഴ്ച രാത്രി പല്ലാവരത്തേക്ക് വരണമെന്ന് റീന സെൽവകുമാറിനോട് ആവശ്യപ്പെട്ടു. സെൽവകുമാർ എത്തിയതിന് പിന്നാലെ രച്ചിതയും അവർക്കൊപ്പം ചേർന്നു.
മൂവരും സംസാരിച്ചുകൊണ്ടിരിക്കെ, അക്രമികൾ സെൽവകുമാറിനെ വളയുകയും കത്തിയും വാക്കത്തിയുമുപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തിയ ശേഷം അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ ഒരു മോഷണശ്രമമായി ചിത്രീകരിക്കാനാണ് റീനയും രച്ചിതയും ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിലൂടെയാണ് കൊലപാതകത്തിന്റെ യഥാർത്ഥ കാരണം പുറത്തുവന്നത്. ഒളിവിൽപോയ പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
