പഠിച്ച സ്‌കൂളും കണ്ണില്‍ കണ്ട വാഹനങ്ങളും ഓടി നടന്ന് അടിച്ചു തകര്‍ത്തു; പൂര്‍വ വിദ്യാര്‍ഥിക്ക് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷിച്ച് കോടതി

\പൂര്‍വ വിദ്യാര്‍ഥിക്ക് ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷിച്ച് കോടതി

Update: 2024-10-10 16:10 GMT

കലഞ്ഞൂര്‍: ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അതിക്രമിച്ചുകടന്ന് ക്ലാസ് മുറിയും മറ്റും അടിച്ചു തകര്‍ത്തു പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മുന്‍ വിദ്യാര്‍ഥിക്ക് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കലഞ്ഞൂര്‍ കൊന്നേലയ്യം ഈട്ടിവിളയില്‍ വടക്കേവീട്ടില്‍ പ്രവീണി(20)നെയാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

മജിസ്ട്രേറ്റ് കാര്‍ത്തിക പ്രസാദിന്റേതാണ് വിധി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 447 പ്രകാരം മൂന്നു മാസം തടവും 500 രൂപ പിഴയും 427 അനുസരിച്ച് 1 വര്‍ഷം തടവും 4000 രൂപ പിഴയും പൊതുമുതല്‍ നശിപ്പിക്കല്‍ തടയല്‍ നിയമത്തിലെ വകുപ്പ് 3(1) പ്രകാരം 1 വര്‍ഷം തടവും 10000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചൊരു കാലയളവ് അനുഭവിച്ചാല്‍ മതി. അടയ്ക്കാതിരുന്നാല്‍ 30 ദിവസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 24 പുലര്‍ച്ചെ 1.30 ന്, സ്‌കൂളില്‍ അതിക്രമിച്ചു നടന്ന ഇയാള്‍, ക്ലാസ് മുറിയിലെയും എന്‍സിസി, എന്‍എസ്എസ് ഓഫീസുകളുടെയും ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. പിന്നീട് സ്‌കൂളിന് സമീപമുള്ള ബേക്കറിയിലെയും മറ്റും സിസിടിവികളും ഗ്ലാസും നശിപ്പിച്ചു. കലഞ്ഞൂര്‍ ക്ഷേത്രത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും ചെയ്തു. കൂടല്‍ പോലീസ് സ്ഥലത്തെത്തി ശ്രമകരമായാണ് പ്രതിയെ കീഴടക്കിയത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം ആര്‍ രാജ്മോഹന്‍ ഹാജരായി.


Tags:    

Similar News