പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ലൈംഗിക പീഡനം : പ്രതിക്ക് ജീവപര്യന്തം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ലൈംഗിക പീഡനം : പ്രതിക്ക് ജീവപര്യന്തം

Update: 2024-11-25 14:23 GMT

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൈകാലുകള്‍ ബന്ധിച്ച ശേഷം ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും, ദേഹോപദ്രവം ഏല്‍പ്പിച്ച് ബോധക്ഷയം സംഭവിപ്പിക്കുകയും ചെയ്ത കേസില്‍ ബന്ധുവായ പ്രതിക്ക് ജീവപര്യന്തവും മൂന്ന് വര്‍ഷവും ഒരു മാസവും തടവും രണ്ട് ലക്ഷം രൂപ പിഴയും.

പത്തനംതിട്ട അതിവേഗ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി. പെരുമ്പെട്ടി കോട്ടാങ്ങല്‍ പാടിമണ്‍ വട്ടകത്തറ രവീന്ദ്രനെ(65)യാണ് കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. പെരുമ്പെട്ടി പോലീസ് 2019 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 2018 സെപ്റ്റംബര്‍ 30 ന് കുട്ടിയെ പ്രതി തന്റെ വീട്ടിലെ മുറിയില്‍ കട്ടിലില്‍ കൈകാലുകള്‍ കെട്ടിയിട്ട ശേഷം ലൈംഗികമായി ഉപദ്രവിച്ചതായാണ് കേസ്. പുറത്തുപറഞ്ഞാല്‍ അമ്മയെയും അച്ഛനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അന്നത്തെ പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ബി അനില്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാല്‍സംഗത്തിനും പോക്‌സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരവും ബാലനീതി നിയമപ്രകാരവുമാണ് കേസെടുത്തത്. കുതറിയോടാന്‍ ശ്രമിച്ച കുട്ടിയെ പ്രതി അടിച്ചു തള്ളിതാഴെയിട്ടു. കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ജെയ്സണ്‍ മാത്യൂസ് റോഷന്‍ തോമസ് എന്നിവര്‍ ഹാജരായി.എ എസ് ഐ ഹസീന പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായിയായി.

Tags:    

Similar News