പട്ടികജാതി -പട്ടിക വര്‍ഗ്ഗ ഫണ്ട് അപഹരണം; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് 16 വര്‍ഷം കഠിന തടവും, 4,60,000 രൂപ പിഴയും

ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് 16 വര്‍ഷം കഠിന തടവും, 4,60,000 രൂപ പിഴയും

Update: 2024-11-30 18:03 GMT

തിരുവനന്തപുരം: പട്ടികജാതി -പട്ടിക വര്‍ഗ്ഗ ഫണ്ടില്‍ നിന്നും 4,39,240 രൂപയുടെ അപഹരണം നടത്തിയ അഴിമതി കേസില്‍ വാമനപുരം മുന്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ മാത്യു ജോര്‍ജിന് 16 വര്‍ഷം കഠിന തടവും 4,60,000 രൂപ പിഴയൊടുക്കാനും ശിക്ഷ വിധിച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി എം.വി. രാജകുമാരയാണ് പ്രതിയെ ശിക്ഷിച്ചത്. 2007-2009 കാലയളവിലാണ് പണാപഹരണം നടന്നത്.

പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കാനായി നെടുമങ്ങാട് ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെന്റ് പ്രോജക്റ്റ് (ഐ റ്റി ഡി പി) ഓഫീസര്‍ പ്രതിയെ ഏല്‍പ്പിച്ച 4,39,240 രൂപയാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കാതെ വിശ്വാസ ലംഘനം നടത്തി അപഹരിച്ചെടുത്ത് സ്വന്തം ആവശ്യങ്ങള്‍ക്കായി ദുര്‍വിനിയോഗം ചെയ്തത്.

പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് ഭക്ഷ്യധാന്യ വിതരണത്തിനായി ഏല്‍പ്പിച്ച 1,51,240 രൂപ, പട്ടിക വര്‍ഗ്ഗ കുടുംബ ശ്രീ യൂണിറ്റ് ഗുണഭോക്താക്കള്‍ക്ക് ആടു വളര്‍ത്തല്‍ പദ്ധതിക്കായി ഏല്‍പ്പിച്ച 2,08 ,000 രൂപ, വീട് നിര്‍മ്മാണത്തിനായി നല്‍കിയ 1,60,000 ല്‍ നിന്ന് 80 ,000 രൂപ ഉള്‍പ്പെടെ മൊത്തം 4,39,240 രൂപ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യാതെ മോഷ്ടിച്ച് സ്വന്തം ആവശ്യത്തിന് ദുരുപയോഗം ചെയ്തുവെന്നാണ് കേസ്.

വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിലെ മുന്‍ ഡിവൈഎസ്പി എസ്. രാജേന്ദ്രന്‍ ആണ് പ്രാഥമിക അന്വേഷണം നടത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ടി. അജിത് കുമാര്‍, ടി. സതികുമാര്‍ എന്നിവര്‍ അന്വേഷണം നടത്തി മുന്‍ ഡിവൈഎസ്പി ആര്‍ മഹേഷ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ വീണ സതീശന്‍ ഹാജരായി.

Tags:    

Similar News