മാറനല്ലൂര്‍ പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല

മാറനല്ലൂര്‍ പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ല

Update: 2024-12-04 15:11 GMT

തിരുവനന്തപുരം: കാട്ടാക്കട കണ്ടല കോളനിയില്‍ ബഹളം നടക്കുന്നുവെന്ന വിവരം അന്വേഷിക്കാനെത്തിയ മാറനല്ലൂര്‍ പോലീസിനെ ആക്രമിച്ച കേസില്‍ സ്റ്റേഷന്‍ ഗുണ്ടാ പട്ടികയില്‍ ( കേഡി ലിസ്റ്റ്) ഉള്‍പ്പെട്ടവരും കണ്ടല കോളനി നിവാസികളും സഹോദരങ്ങളുമായ

അജേഷ് ലാല്‍ (മുത്തു 26), അക്ഷയ് ലാല്‍ (ചിപ്പി 22 ) എന്നീ പ്രതികള്‍ക്ക് ജാമ്യം നിരസിച്ചു. പ്രതികള്‍ ലഹരി വില്‍പന, പൊലീസിനെ ആക്രമിച്ച് ജീപ്പ് തകര്‍ത്ത കേസ്, മോഷണം, പിടിച്ചുപറി എന്നീ കേസുകളിലും ഉള്‍പ്പെട്ടവരാണെന്ന പോലീസ് റിപ്പോര്‍ട്ട് അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ചുമതല വഹിക്കുന്ന ഒന്നാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ പി. അനില്‍ കുമാര്‍ ആണ് പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയത്. പോലീസാക്രമണ കേസില്‍ നവംബര്‍ 4 നാണ് പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റിലായത്.

അതേ സമയം വാളുമായെത്തി അയല്‍വാസിയെ ആക്രമിച്ചെന്ന പരാതിയില്‍ ഇതേ സഹോദരങ്ങളെ മാറനല്ലൂര്‍ പൊലീസ് 2023 ജൂണ്‍ 20 ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ആക്രമിച്ചു എന്ന പരാതിയില്‍ അയല്‍വാസിയായ ഉന്മേഷ് (അപ്പൂസ്32) നെയും മാറനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ മൂന്ന് പേരും അനവധി കേസുകളില്‍ പ്രതികളാണ്. സ്റ്റേഷന്‍ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് 3 പേരെന്നും ലഹരി വില്‍പന, പൊലീസിനെ ആക്രമിച്ച് ജീപ്പ് തകര്‍ത്ത കേസ്, മോഷണം, പിടിച്ചുപറി കേസുകളില്‍ പ്രതികളാണ് അജേഷ് ലാലും അക്ഷയ് ലാലും എന്ന് പൊലീസ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭാര്യയുമായി ഉന്മേഷ് ബൈക്കില്‍ പോകവേ അജേഷ് ലാല്‍ തുറിച്ച് നോക്കിയെന്ന പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും സംഘട്ടനവും ഉണ്ടായി. ഇതിനു പിന്നാലെ അജേഷ് സഹോദരനെ വിളിച്ച് വരുത്തി രാത്രിയോടെ ഉന്മേഷിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മാറനല്ലൂര്‍ ഇന്‍സ്പെക്ടര്‍ എസ്.ചന്ദ്രദാസ്, എസ്ഐ.കിരണ്‍ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം 3 പേരെയും രാത്രി തന്നെ പിടികൂടിയിരുന്നു.

Tags:    

Similar News