ഉപഭോക്താവിന്റെ പരാതി കേള്‍ക്കാന്‍ തയ്യാറായില്ല; അഡിഡാസ് ഇന്ത്യക്ക് 10,500/രൂപ പിഴവിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

സേവനത്തിലെ ന്യൂനതയെന്ന് നിരീക്ഷിച്ച് നഷ്ടപരിഹാരം

Update: 2024-09-06 15:22 GMT

കൊച്ചി: ഉല്‍പ്പന്നത്തെക്കുറിച്ചും സേവനത്തെക്കുറിച്ചും ഉപഭോക്താക്കള്‍ക്കുള്ള പരാതി കേള്‍ക്കാനും അവ ഉചിതമായി പരിഹരിക്കാനുമുള്ള അടിസ്ഥാന അവകാശം നിഷേധിച്ച ഷോപ്പ് ഉടമയും ഷൂ നിര്‍മാതാവും അധാര്‍മിക വ്യാപാര രീതിയാണ് പിന്തുടരുന്നതെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഇത് സേവനത്തിലെ ന്യൂനതയാണെന്ന് നിരീക്ഷിച്ചാണ് നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ്. മുതിര്‍ന്ന പൗരനും വിമുക്ത ഭടനുമായ എറണാകുളം കൂനമ്മാവ് സ്വദേശി മാര്‍ട്ടിന്‍ എം ജെ, അഡിഡാസ് ഇന്ത്യ, കോംഫി ഷൂ മേക്കേഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഇടപെടല്‍.

പത്തുവര്‍ഷം വരെ യാതൊരു പ്രശ്‌നവും ഉണ്ടാവില്ല എന്ന വാഗ്ദാനം വിശ്വസിച്ചാണ് 14,999/ രൂപ വിലയുള്ള ബ്രാന്‍ഡഡ് ഷൂ പരാതിക്കാരന്‍ വാങ്ങിയത്. എന്നാല്‍ ഏഴുമാസം കഴിഞ്ഞപ്പോള്‍ ഇടതു ഷൂസിന്റെ മുന്‍ഭാഗം പൊളിഞ്ഞു പോയി. ഷൂസുമായി ഷോപ്പിലെത്തി പരാതി നല്‍കിയപ്പോള്‍ അത് പരിശോധിക്കാന്‍ പോലും തയ്യാറാകാതെ അഡിഡാസിന്റെ ഓണ്‍ലൈന്‍ പരാതി സംവിധാനത്തെ സമീപിക്കാനാണ് ഷോപ്പ് ഉടമ നിര്‍ദേശിച്ചത്. പൊട്ടിപ്പൊളിഞ്ഞ ഷൂസിന്റെ ഫോട്ടോഗ്രാഫ് സഹിതം ഓണ്‍ലൈനില്‍ പരാതി നല്‍കി. എന്നാല്‍ ഗ്യാരണ്ടി മൂന്നുമാസത്തേക്ക് മാത്രമാണെന്ന് അറിയിച്ച് പരാതി തള്ളി. തുടര്‍ന്നാണ് നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ട് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.

ഷൂവിന് നിര്‍മ്മാണപരമായ വൈകല്യമില്ലെന്നും ഉപയോഗിച്ചതിന്റെ തകരാറാണ് തകരാറിന് കാരണമെന്നും അഡിഡാസ് കോടതി മുമ്പാകെ ബോധിപ്പിച്ചു. എന്നാല്‍ പരാതിയുമായി ഷോപ്പില്‍ ചെന്ന ഉപഭോക്താവിന്റെ ഷൂ പരിശോധിക്കുവാനോ, പരാതി പരിഹരിക്കാനോ ശ്രമിക്കാതെ ഓണ്‍ലൈനില്‍ പരാതി നല്‍കാന്‍ ഉപദേശിച്ചു വിടുകയാണ് ഷോപ്പ് ചെയ്തത്. ഇത് നിയമം നല്‍കുന്ന ഉപഭോക്തൃ അവകാശത്തിന്റെ ലംഘനമാണെന്നും അതിനാല്‍ സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയും ഉണ്ടെന്നും പരാതിക്കാരന്‍ ബോധിപ്പിച്ചു.

അതേസമയം ഷൂവിന് നിര്‍മ്മാണപരമായ തകരാറുണ്ടെന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. 'എന്നാല്‍ മുതിര്‍ന്ന പൗരനും മുന്‍ സൈനികനുമായ ഉപഭോക്താവിന്റെ പരാതി കേള്‍ക്കാനോ അത് പരിഹരിക്കാനോ അന്തസ്സോടെ പെരുമാറാന്‍ പോലുമോ ഷോപ്പ് ഉടമ തയ്യാറായില്ല എന്നത് നിര്‍ഭാഗ്യകരവും അപലപനീയവും ആണ്. ഇത് വിശ്വാസവഞ്ചന മാത്രമല്ല ഉപഭോക്താക്കളുടെ അടിസ്ഥാന അവകാശത്തിന്റെ ലംഘനം കൂടിയാണ്'- ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

ഈ സാഹചര്യത്തിലാണ് 7,500/ രൂപ നഷ്ടപരിഹാരവും 3,000/ രൂപ കോടതി ചെലവും പരാതിക്കാരന് നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 30 ദിവസത്തിനകം ഈ തുക കൈമാറിയില്ലെങ്കില്‍ പലിശയും ചേര്‍ത്ത് നല്‍കണമെന്നും ഉത്തരവിലുണ്ട്.

Tags:    

Similar News