ബി ഉണ്ണിക്കൃഷ്ണന്‍ തൊഴില്‍ നിഷേധത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തി; സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കണം; ഹൈക്കോടതിയെ സമീപിച്ച് വിനയന്‍
തന്നെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയത് 12 വര്‍ഷം
കൊച്ചി: സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ ഹൈക്കോടതിയെ സമീപിച്ചു. തൊഴില്‍ നിഷേധത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തിയെ സമിതിയില്‍ ഉള്‍പ്പെടുത്തരുത് എന്നാണ് ആവശ്യം.
നയരൂപീകരണ സമിതിയില്‍ ഉണ്ണികൃഷ്ണന്റെ പേര് ഉള്‍പ്പെട്ടതില്‍ വിനയന്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തന്റെ പരാതിയില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ശിക്ഷിച്ചയാളാണു ബി.ഉണ്ണികൃഷ്ണന്‍ എന്നും നയരൂപീകരണ സമിതിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നത് അതിന്റെ സാധുതയെ തന്നെ ഇല്ലാതാക്കുമെന്നും വിനയന്‍ ഹര്‍ജിയില്‍ പറഞ്ഞു.
തൊഴില്‍ നിഷേധത്തിനാണു കോംപറ്റീഷന്‍ കമ്മിഷന്‍ ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുത്തതും പിഴ ചുമത്തിയതുമെന്നും വിനയന്‍ ഹര്‍ജിയില്‍ പറഞ്ഞു. ഈ തൊഴില്‍ നിഷേധത്തെപ്പറ്റി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തൊഴില്‍ നിഷേധിക്കുന്ന പവര്‍ ഗ്രൂപ്പിന്റെ ഭാഗമാണു ബി.ഉണ്ണികൃഷ്ണന്‍ എന്നും വിനയന്‍ ഹര്‍ജിയില്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ബി.ഉണ്ണികൃഷ്ണനെതിരെ കണ്ടെത്തലുകളുണ്ടെന്നും വിനയന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ബി.ഉണ്ണികൃഷ്ണനെ നയരൂപീകരണ സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് അനീതിയാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്തിക്കു പരാതി നല്‍കിയിട്ടും നടപടി എടുക്കാത്ത സാഹചര്യത്തിലാണു കോടതിയെ സമീപിക്കേണ്ടി വന്നതെന്നും ഹര്‍ജിയിലുണ്ട്.
കഴിഞ്ഞ 16 വര്‍ഷമായി ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി പദവിയില്‍ തുടരുന്നു. ഈ സ്ഥാനത്തിന്റെ പദവി ഉപയോഗിച്ചു കൊണ്ടാണ് ഉണ്ണികൃഷ്ണനും സംഘവും മലയാള സിനിമാ മേഖലയെ ചൂഷണം ചെയ്യുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. 12 വര്‍ഷമാണ് തന്നെ സിനിമയില്‍ നിന്നു മാറ്റി നിര്‍ത്തിയത്. ഇതിനാണ് കോംപറ്റീഷന്‍ കമ്മിഷന്‍ അദ്ദേഹത്തെ ശിക്ഷിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്ന കാര്യങ്ങളിലൊന്നാണു തൊഴില്‍ നിഷേധം. എന്നാല്‍ അതിനു നേതൃത്വം കൊടുക്കുന്നയാള്‍ തന്നെ ആ കമ്മിറ്റിയുടെ ഭാഗമാകുന്നത് ശരിയല്ല എന്നും അദ്ദേഹത്തെ അതില്‍ നിന്നു മാറ്റണമെന്നും വിനയന്‍ ആവശ്യപ്പെട്ടു.