ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ പരാതിയില്ലാതെ കേസെടുത്തത് എന്തിന്? തെളിവില്ലാതെ, പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തത്? ഇങ്ങനെ വ്യക്തികളെ അപമാനിക്കാന്‍ കഴിയില്ല; സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശനം
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ പരാതിയില്ലാതെ കേസെടുത്തതിന് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി വിമര്‍ശനം. ഇങ്ങനെ വ്യക്തികളെ അപമാനിക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജി പരിഗണിച്ച കോടതി അന്തിമ ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനുള്ള ഹൈക്കോടതി പ്രത്യേക ബഞ്ച് ഉത്തരവിനെതിരെ നടിയും, നിര്‍മ്മാതാവ് സജിമോന്‍ പാറയിലും നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
തെളിവില്ലാതെ എന്തിനാണ് കേസെടുക്കുന്നതെന്നും പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തതെന്നും സുപ്രീംകോടതി ചോദിച്ചു. കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണവും തേടി. മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചിട്ടും അഞ്ച് വര്‍ഷം സര്‍ക്കാര്‍ ഒന്നും ചെയ്തില്ലല്ലോയെന്ന വിമര്‍ശനവും ഉയര്‍ന്നു. മൊഴി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശമെന്ന് സുപ്രീം കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന നടിയുടെ ഹര്‍ജിയിലാണ് സര്‍ക്കാരിനെതിരായ വിമര്‍ശനം.
മൊഴി നല്‍കാന്‍ എസ്‌ഐടി ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സജിമോന്‍ പാറയിലും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി നല്‍കാന്‍ എന്താണ് അവകാശമെന്നായിരുന്നു സജിമോന്‍ പാറയിലിനോട് സുപ്രീംകോടതിയുടെ ചോദ്യം.
എസ്‌ഐടി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് നടപടിക്രമങ്ങളുടെ ഭാഗമാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനെ എങ്ങനെ തടയാനാകും. കുറ്റകൃത്യം സംബന്ധിച്ച് വിവരം ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സജിമോന്‍ പാറയിലിനെ മുന്നില്‍ നിര്‍ത്തുന്നത് വലിയ വ്യക്തികളാകാമെന്ന് ഡബ്ല്യൂസിസി സുപ്രീംകോടതിയെ അറിയിച്ചു. സജിമോന്‍ പാറയിലിനും മേക്കപ്പ് ആര്‍ട്ടിസ്റ്റിനും അപ്പീല്‍ നല്‍കാനുള്ള അവകാശമില്ലെന്നായിരുന്നു വനിതാ കമ്മീഷന്റെ വാദം.
മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കുന്നതിനെ സംസ്ഥാനസര്‍ക്കാരും വനിത കമ്മീഷനും സുപ്രീംകോടതിയില്‍ ശക്തമായി എതിര്‍ത്തു. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണമെന്നും സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും സര്‍ക്കാര്‍ വാദിച്ചു.
കുറ്റകൃത്യം നടന്നെന്ന് വ്യക്തമായാല്‍ പൊലീസിന് കേസ് എടുക്കാമെന്ന് വ്യക്തമാക്കിയ കോടതി എന്നാല്‍ തെളിവുകള്‍ ഇല്ലെങ്കില്‍ കേസ് എടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഹൈക്കോടതി ഉത്തരവിനെ പിന്തുണയ്ക്കാനാകില്ലെന്നും നിരീക്ഷിച്ചു. എന്തിനാണ് സജിമോന്‍ പാറയില്‍ അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് കോടതി ചോദിച്ചു. എന്നാല്‍ സിനിമ നിര്‍മ്മാതാവായ തനിക്കെതിരെ പോലും ഈ മൊഴികള്‍ ഉപയോഗിക്കാനാകുമെന്ന് സജിമോന്‍ പാറയില്‍ വാദിച്ചു. എന്നാല്‍ സജിമോന് പിന്നില്‍ സിനിമരംഗത്തെ വലിയ വ്യക്തികളാണെന്ന് ഡബ്ല്യുസിസി ആരോപിച്ചു. സജിമോന്‍ പാറയിലിനെ മുന്നില്‍ നിര്‍ത്തുന്നത് വലിയ വ്യക്തികളാകാമെന്ന് ഡബ്ല്യൂസിസി സുപ്രീംകോടതിയെ അറിയിച്ചു. സജിമോന്‍ പാറയിലിനും മേക്കപ്പ് ആര്‍ട്ടിസ്റ്റിനും അപ്പീല്‍ നല്‍കാനുള്ള അവകാശമില്ലെന്നായിരുന്നു വനിതാ കമ്മീഷന്റെ വാദം.
പരാതി നല്‍കിയതിന്റെ പേരില്‍ ഭീഷണി നേരിടുന്നുവെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ ഹര്‍ജിയില്‍ പറയുന്നു. തെളിവില്ലാതെ കേസുകള്‍ എടുക്കുമ്പോള്‍ പലരും ഇരകളാകുന്നുവെന്ന് സജിമോന്‍ പാറയിലിന്റെ അഭിഭാഷകന്‍ വാദിച്ചു. നിങ്ങള്‍ക്ക് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലല്ലോ പിന്നെ എന്തിനാണ് ആശങ്കയെന്ന് കോടതി തിരിച്ചു ചോദിച്ചു. സിനിമയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് മൊഴി നല്‍കിയത്. കേസ് എടുക്കാന്‍ അല്ലെന്ന് ഹര്‍ജിക്കാരിയായ നടിയും പറഞ്ഞു. അന്വേഷണ സംഘത്തിന് മുന്നില്‍ പോയി മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നില്ലല്ലോ. താല്‍പര്യമില്ലെങ്കില്‍ അത് ഹൈക്കോടതിയില്‍ അറിയിക്കൂ. എന്തിനാണ് സുപ്രീം കോടതിയില്‍ എത്തിയതെന്നും ഹര്‍ജിക്കാരിയായ നടിയോട് സുപ്രീം കോടതി ചോദിച്ചു. നടിമാരുടെ ഹര്‍ജികള്‍ക്ക് പിന്നില്‍ സ്‌പോണ്‍സര്‍മാരുണ്ടോ എന്നും കോടതി ചോദിച്ചു.