ഓവന്‍ വാങ്ങിയതിന് വില്പനാന്തര സേവനം നല്‍കിയില്ല; 1.35 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി

നിര്‍മ്മാതാവും ഡീലറും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണം

Update: 2024-09-09 10:26 GMT

കൊച്ചി. ഓവന്റെ വില്പനന്തര സേവനം നല്‍കാതെ വര്‍ഷങ്ങളോളം ഉപഭോക്താവിനെ കബളിപ്പിച്ച ഉല്‍പ്പന്ന നിര്‍മ്മാതാവും ഡീലറും നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

എറണാകുളം, കടവന്ത്ര സ്വദേശി വിനോദ് പിള്ള ഹരിയാനയിലെ കഫ് അപ്ലന്‍സസ് എറണാകുളത്തെ കൈരളി ട്രേഡിങ് കമ്പനി എന്നിവര്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. കഫ് അപ്ലൈന്‍സ് എന്ന സ്ഥാപനത്തിന്റെ ഉത്പന്നമായ ഓവന്‍ 70,990/ രൂപ നല്‍കിയാണ് പരാതിക്കാരന്‍ വാങ്ങിയത്.

പരാതിക്കാരന്റെ വീട്ടില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് വേണ്ടി തന്നെ ഒരു വര്‍ഷം താമസിച്ചു. അതിനുശേഷം മൂന്നുമാസമായപ്പോള്‍ ഓവന്‍ പ്രവര്‍ത്തനരഹിതമായി. പരാതി നല്‍കിയപ്പോള്‍ എന്‍ജിനീയര്‍ വന്ന് ഓവന്‍ പരിശോധിക്കുകയും ഇപ്പോള്‍ സ്റ്റോക്ക് ഇല്ലെന്നും മറ്റൊന്നു നല്‍കാമെന്നും ഉറപ്പു നല്‍കി. അതിന് ഒരു വര്‍ഷത്തിനുശേഷമാണ് ഡിസ്‌പ്ലേ യൂണിറ്റ് പകരം തന്നത്. അധികം താമസിയാതെ തന്നെ വീണ്ടും പ്രവര്‍ത്തനരഹിതമായി. മദര്‍ബോര്‍ഡ് തന്നെ മാറ്റിവയ്ക്കണം എന്നായി എന്‍ജിനീയര്‍. പക്ഷേ ഉടനെ പാര്‍ട്‌സ് ലഭ്യമല്ല എന്ന കാര്യവും അദ്ദേഹം അറിയിച്ചു. അതിനുശേഷവും ഓവന്‍ തകരാറിലായി.

മദര്‍ബോര്‍ഡ് മാറ്റാന്‍ കൊണ്ടുപോയ ഓവന്‍ പിന്നീട് ഒരിക്കലും പരാതിക്കാരന്റെ വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതിനെ സംബന്ധിച്ച് നല്‍കിയ പരാതിക്ക് യാതൊരു തുടര്‍ നടപടികളും ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരവും കോടതി ചെലവും വിലയും തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 'വലിയ തുകയ്ക്ക് വാങ്ങിയ ഓവന്‍ ഏറെ താമസിയാതെ തകരാറില്‍ ആയിട്ടും അത് റിപ്പയര്‍ ചെയ്യുന്നതിന് തുടര്‍ നടപടികള്‍ ഒന്നും സ്വീകരിക്കാതിരുന്ന എതിര്‍കക്ഷികളുടെനടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണ്.

വില്‍പ്പനന്തര സേവനം ലഭിക്കുക എന്നത് ഓരോ ഉപഭോക്താവിന്റെയും അവകാശമാണ്. വലിയ വില കൊടുത്തു വാങ്ങിയ ഉല്‍പ്പന്നത്തിന്റെ വില്പനാനന്തര സേവനത്തിനായി നിരവധി തവണ പരാതി നല്‍കിയിട്ടും ഉപഭോക്താവിന്റെ അതൃപ്തിയും നിരാശയും ആണ് ഈ പരാതിക്ക് ആധാരം. സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയും മൂലം അനുഭവിക്കേണ്ടിവന്ന മന:ക്ലേശവും ധനനഷ്ടത്തിനും ഉത്പന്ന നിര്‍മ്മാതാക്കള്‍ മാത്രമല്ല ഡീലറും ഉത്തരവാദികളാണെന്ന് ഡി. ബിബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍ ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് വിലയിരുത്തി.

ഉത്പന്നത്തിന്റെ വിലയായ 70,990/ രൂപ കൂടാതെ 40,000/ രൂപ നഷ്ടപരിഹാരവും 25,000/ രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി എതിര്‍കക്ഷികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അഡ്വ.മാത്യു ഫ്രാന്‍സിസ് കെ പരാതിക്കാരന് വേണ്ടി ഹാജരായി.


Tags:    

Similar News