വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്ത് തുപ്പിയത് തന്നെ അപമാനിക്കാനെന്ന് കരുതി; പട്ടികജാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി വസ്ത്രം വലിച്ചുകീറി അക്രമം; 30 കാരന് 23 വര്‍ഷം തടവും പിഴയും

വീ്ട്ടമ്മയെ ആക്രമിച്ച കേസില്‍ 30 കാരന് 23 വര്‍ഷം തടവ്

Update: 2024-11-06 17:43 GMT

മലപ്പുറം: വീട്ടിലേക്ക് അതിക്രമിച്ചുകയറി പട്ടികജാതിക്കാരിയായ വീട്ടമ്മയെ മര്‍ദ്ദിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത യുവാവിന് മഞ്ചേരി എസ് സി എസ് ടി സ്പെഷ്യല്‍ കോടതി 23 വര്‍ഷവും ഒരു മാസവും തടവും 15,500 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരൂര്‍ തലകടത്തൂര്‍ പി എച്ച് റോഡില്‍ പന്ത്രേളി പി ആര്‍ പ്രസാദ് എന്ന രാജേന്ദ്ര പ്രസാദ് (30)നെയാണ് ജഡ്ജ് എം പി ജയരാജ് ശിക്ഷിച്ചത്.

2019 സെപ്തംബര്‍ 25ന് ഉച്ചക്ക് രണ്ട് മണിക്ക് തിരൂര്‍ തലക്കടത്തൂരിലാണ് കേസിന്നാസ്പദമായ സംഭവം. വീട്ടമ്മ സ്വന്തം വീട്ടുമുറ്റത്തേക്ക് തുപ്പിയത് പ്രതിയെ അപമാനിക്കുന്നതിനാണെന്ന് ആരോപിച്ചായിരുന്നു അക്രമം. പരാതിക്കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ദേഹോപദ്രവമേല്‍പ്പിക്കുകയും അസഭ്യം പറയുകയും വസ്ത്രം വലിച്ചുകീറി അപമാനിക്കുകയുമായിരുന്നു. തിരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിവൈഎസ്പി കെ എ സുരേഷ് ബാബുവാണ് അന്വേഷണം നടത്തിയത്.

മാനഹാനി വരുത്തിയതിന് മൂന്നു വകുപ്പുകളിലാണ് ശിക്ഷ. ഏഴു വര്‍ഷം തടവ് 5000 രൂപ പിഴ, അഞ്ചു വര്‍ഷം തടവ് 3000 രൂപ പിഴ, മൂന്ന് വര്‍ഷം തടവ് 2000 രൂപ പിഴ എന്നിങ്ങനെയാണവ. വീട്ടില്‍ അതിക്രമിച്ചു കയറിയതിന് രണ്ടു വര്‍ഷം തടവ്, 2000 രൂപ പിഴ, തടഞ്ഞു വെച്ചതിന് ഒരു മാസം തടവ്, 500 രൂപ പിഴ, കൈകൊണ്ടടിച്ചതിന് ഒരു വര്‍ഷം തടവ് 1000 രൂപ പിഴ, ഭീഷണിപ്പെടുത്തിയതിന് മൂന്ന് വര്‍ഷം തടവ് 2000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. ഇതിനു പുറമെ എസ് സി എസ് ടി ആക്ടിലെ രണ്ടു വകുപ്പുകളില്‍ ഓരോ വര്‍ഷം വീതം തടവ് ശിക്ഷയുമുണ്ട്. തടവ് ശിക്ഷ ഒരൂമിച്ചനുഭവിച്ചാല്‍ മതി.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുല്‍ സത്താര്‍ 17 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 14 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ. സാജന്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്കയച്ചു.


Tags:    

Similar News