ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം: റിട്ട. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍; രണ്ടാഴ്ചക്കകം കമ്മിറ്റി രൂപീകരിക്കണം; നിയമനം രണ്ടുമാസത്തിനുളളില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി

ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം: റിട്ട. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

Update: 2025-08-18 09:46 GMT

ന്യൂഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാല സ്ഥിരം വൈസ് ചാന്‍സിലര്‍ നിയമനത്തിനായി രൂപീകരിക്കുന്ന സെര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സുധാന്‍ഷു ധൂലിയയെ നിയമിച്ചു. സ്ഥിരം വിസി നിയമനത്തിന് സംസ്ഥാന സര്‍ക്കാരും ചാന്‍സലറും സമര്‍പ്പിച്ച പട്ടികയുടെ അടിസ്ഥാനത്തില്‍ കമ്മിറ്റി രൂപീകരിക്കുമെന്നും, ചാന്‍സലറുടെ നോമിനികളായി രണ്ട് പേരെയും സംസ്ഥാനത്തിന്റെ നോമിനികളായി രണ്ട് പേരെയും ഉള്‍പ്പെടുത്തിക്കൊണ്ട് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രണ്ടാഴ്ചക്കുള്ളില്‍ സമിതി രൂപീകരിക്കണം. നിയമനം രണ്ടുമാസത്തിനുളളില്‍ പൂര്‍ത്തിയാക്കണം.

ഗവര്‍ണര്‍ക്കെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. വിസി നിയമനത്തില്‍ ഗവര്‍ണറുടെ ഭാഗത്തുനിന്നും സഹകരണമില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ പരമാവധി ശ്രമിച്ചുവെന്ന് അറിയിച്ചെങ്കിലും, സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു ശ്രമവും ഉണ്ടായിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചു. ഇതിനെത്തുടര്‍ന്നാണ് സുപ്രീം കോടതി സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദ്ദേശിച്ചത്.

സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള വിദഗ്ധരുടെ പട്ടിക കൈമാറാന്‍ കേരള സര്‍ക്കാരിനോടും ഗവര്‍ണറോടും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി, ഗവര്‍ണര്‍ ഇന്നലെ നാല് പേരടങ്ങുന്ന പട്ടിക സര്‍ക്കാര്‍ അഭിഭാഷകന് കൈമാറിയിരുന്നു. സര്‍ക്കാരും ഗവര്‍ണറും പട്ടികകള്‍ പരസ്പരം കൈമാറണമെന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ പട്ടിക സുപ്രീം കോടതിക്ക് കൈമാറിയത്. ഈ നടപടികളോടെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Tags:    

Similar News