ബി. അശോകിന്റെ സ്ഥലം മാറ്റ ഹര്‍ജി: ഗവര്‍ണറെ എതിര്‍കക്ഷി സ്ഥാനത്ത് നിന്ന് നീക്കി; സി എ ടിയുടെ നടപടി ഗവര്‍ണറുടെ താല്‍പര്യം എന്തെന്ന് വാക്കാല്‍ ആരാഞ്ഞതിന് ശേഷം; ഗവര്‍ണറെ കക്ഷി ചേര്‍ത്തതിനെ ചോദ്യം ചെയ്ത് സര്‍ക്കാരും

ബി. അശോകിന്റെ സ്ഥലം മാറ്റ ഹര്‍ജി: ഗവര്‍ണറെ എതിര്‍കക്ഷി സ്ഥാനത്ത് നിന്ന് നീക്കി

Update: 2025-09-23 17:16 GMT

കൊച്ചി: മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. ബി. അശോകിന്റെ സ്ഥലം മാറ്റത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ നിന്ന് ഗവര്‍ണറെ എതിര്‍കക്ഷി സ്ഥാനത്ത് നിന്ന് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ (സി.എ.ടി) നീക്കി. ഹര്‍ജിയില്‍ ഗവര്‍ണറുടെ താല്‍പ്പര്യം എന്തെന്ന് ട്രിബ്യൂണല്‍ വാക്കാല്‍ ആരാഞ്ഞതിന് പിന്നാലെയാണ് ഡോ. ബി. അശോകിന്റെ അഭിഭാഷകന്‍ ഗവര്‍ണറെ കക്ഷി സ്ഥാനത്ത് നിന്ന് ഒഴിവാക്കാമെന്ന് അറിയിച്ചത്.

നേരത്തെ, ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ കക്ഷി ചേര്‍ത്തതിനെ സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. ഇത് അടിയന്തരമായി തീര്‍പ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കൃഷി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. അശോകിനെ കെ.ടി.ഡി.എഫ്.സി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാറ്റിയ നടപടി സി.എ.ടി ആദ്യഘട്ടത്തില്‍ സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചെങ്കിലും ഈ നിയമനവും ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. ഈ രണ്ട് ഇടക്കാല ഉത്തരവുകള്‍ക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിന് സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ (സി.എസ്.ബി) ശുപാര്‍ശ വേണമെന്ന സി.എ.ടിയുടെ 2023ലെ ഇടക്കാല ഉത്തരവും സര്‍ക്കാര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഇത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ട്രിബ്യൂണല്‍ പരിഗണിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേരള ഐ.എ.എസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി 29നും ഡോ. ബി. അശോകിന്റെ ഹര്‍ജികള്‍ 30നും ട്രിബ്യൂണല്‍ പരിഗണിക്കും. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട നിയമപരമായ നടപടികള്‍ തുടരും.

Tags:    

Similar News