കെ എം ഷാജിയോട് പകപോക്കാന്‍ ഇറങ്ങിയ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി; പ്ലസ്ടു കോഴ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ തള്ളി സുപ്രിംകോടതി; ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്നതിന് തെളിവുകളും മൊഴികളും ഇല്ലെന്ന് കോടതി; കേസില്‍ ഇഡിക്കും തിരിച്ചടി

കെ എം ഷാജിയോട് പകപോക്കാന്‍ ഇറങ്ങിയ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി

Update: 2024-11-26 06:40 GMT

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാറിനും പിണറായി വിജയനുമെതിരെ രൂക്ഷമായി വിമര്‍ശനം ഉന്നയിക്കുന്ന വ്യക്തിയാണ് മുസ്ലിംലീഗ് നേതാവ് കെ എം ഷാജി. ഷാജിക്കെതിരായ കേസ് ഹൈക്കോടതി തള്ളിയിട്ടും വൈരാഗ്യബുദ്ധിയില്‍ സുപ്രിംകോടതിയില്‍ പോയ സംസ്ഥാന സര്‍ക്കാറിന് കനത്ത തിരിച്ചടി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും ഇഡിയും നല്‍കിയ ഹരജികളാണ് തള്ളിയത്.

കോഴ കേസില്‍ ഷാജിക്കെതിരെ മൊഴികളും തെളിവുകളും ഇല്ലെന്ന് കോടതി കണ്ടെത്തി. കേസില്‍ ഇത് വരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ മൊഴികളും ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം കേസ് സംബന്ധിച്ച രേഖകള്‍ പരിശോധിച്ച ശേഷമാണ് ഇപ്പോള്‍ കോടതി വിധി പുറപ്പെടുവിച്ചത്.

ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ വിധിയില്‍ നിരവധി പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. വീണ്ടും കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ 19നാണ് ഷാജിക്കെതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഹൈക്കോടതി റദ്ദാക്കിയത്. സ്വത്ത് കണ്ടുകെട്ടിയത് ഉള്‍പ്പെടെ എല്ലാ നടപടികളും കോടതി റദ്ദാക്കിയിരുന്നു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതായിരുന്നു ഉത്തരവ്.

2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഷാജിക്ക് എതിരെ മൊഴികളും, തെളിവുകളും ലഭിച്ചതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

കോഴ നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ മാനേജര്‍ നല്‍കിയ ആദ്യ മൊഴിയില്‍ സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം മൊഴി മാറ്റിയെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് കേസുമായി ബന്ധപ്പെട്ട മൊഴികളും, മാറ്റി പറഞ്ഞ മൊഴികളും തങ്ങള്‍ക്ക് കാണണം എന്ന് സുപ്രീം കോടതി അറിയിച്ചത്.

Tags:    

Similar News