എന്തുകൊണ്ടാണ് മദ്രസകളില്‍ മാത്രം കമ്മീഷന് ഇത്ര താല്‍പര്യം? കുട്ടികളെ സന്ന്യാസ മഠങ്ങളിലേക്കോ വേദ പാഠശാലകളിലേക്കോ അയയ്ക്കരുതെന്ന് ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നോ? ചോദ്യങ്ങളുമായി സുപ്രീം കോടതി; മതപഠനത്തെ സ്വതന്ത്രവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസവുമായി കൂട്ടിക്കെട്ടരുതെന്ന് കമ്മീഷന്‍
എന്തുകൊണ്ടാണ് മദ്രസകളില്‍ മാത്രം കമ്മീഷന് ഇത്ര താല്‍പര്യം?
ന്യൂഡല്‍ഹി: വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാത്ത മദ്രസകള്‍ അടച്ചുപൂട്ടണമെന്നത് പോലെ സമാനനിര്‍ദ്ദേശം മറ്റുമതസമുദായങ്ങള്‍ക്കും കേന്ദ്ര ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നോ എന്ന് സുപ്രീം കോടതി. എന്തുകൊണ്ടാണ് മദ്രസകളില്‍ മാത്രം കമ്മീഷന് ഇത്ര താല്‍പര്യം? കുട്ടികളെ സന്യാസ മഠങ്ങളിലേക്കോ ആശ്രമങ്ങളിലേക്കോ വേദപാഠശാലകളിലേക്കോ അയയ്ക്കരുതെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നോ? ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നയിക്കുന്ന ബഞ്ചാണ് കമ്മീഷന് വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.
' നമ്മുടെ രാജ്യം സംസ്‌കാരങ്ങളുടെയും നാഗരികതകളുടെയും മതങ്ങളുടെയും എല്ലാം സമ്മിശ്രണമാണ്. അത് നമുക്ക് സംരക്ഷിക്കാം. മദ്രസ നിയമം വിദ്യാര്‍ഥികളെ പൊതുധാരണയിലേക്ക് കൊണ്ടുവരുന്നതിനാകണം. അതല്ലെങ്കില്‍ നിങ്ങള്‍ ആളുകളെ തടങ്കലിലാക്കുന്നത് പോലെയാണ്', ചീഫ് ജസ്റ്റിസ് പറഞ്ഞു.
അതേസമയം, ബാലാവകാശ കമ്മീഷന്‍ മതബോധനത്തിന് എതിരല്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. മതബോധനം നിര്‍ബന്ധമാക്കരുത് എന്നതാണ് നിലപാട്. മതപഠനത്തെ സ്വതന്ത്രവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസവുമായി കൂട്ടിക്കെട്ടരുതെന്നും ബാലാവകാശ കമ്മീഷന്‍ വാദിച്ചു. ഈ പശ്ചാത്തലത്തിലാണ് മദ്രസകള്‍ക്ക് നല്‍കിയത് പോലെ സമാന നിര്‍ദ്ദേശങ്ങള്‍ മറ്റുമതവിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്കും നല്‍കിയോ എന്ന് കോടതി ആരാഞ്ഞത്. മതബോധനത്തെ നിര്‍ബന്ധിത വിദ്യാഭ്യാസവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് പലവട്ടം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി കമ്മീഷന്‍ അഭിഭാഷകന്‍ മറുപടി നല്‍കി.
മദ്രസകളിലെ സിലബസ് മുഴുവന്‍ ബാലാവകാശ കമ്മീഷന്‍ പഠിച്ചിട്ടുണ്ടോ എന്ന് ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാല ആരാഞ്ഞു. മതപഠനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സംവിധാനമാണ് നിലവിലുള്ളതെന്നും കുട്ടികള്‍ അവഗണിക്കപ്പെടുകയാണെന്നും കമ്മീഷന്‍ മറുടപടി നല്‍കി. മതബോധനം നിര്‍ബന്ധിതമാക്കരുതെന്നാണ് കമ്മീഷന്‍ നിലപാട്.
കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ ബാലാവകാശ കമ്മീഷന്റെ നിലപാടെന്ന് കോടതി ആരാഞ്ഞു. ഒരു മതത്തിന്റെയും പാഠശാലകളിലേക്ക് കുട്ടികളെ അയക്കരുത് എന്നാണോ നിലപാട്? ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ വിധിക്കെതിരെയുള്ള ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഹരജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി.
വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത രാജ്യത്തെ മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ദേശീയ ബാലാവകാശ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് സര്‍ക്കാരുകളോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
ജംഇയ്യത്ത് ഉലമ എ ഹിന്ദ് എന്ന സംഘടന ആണ് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങള്‍ നടത്തുന്നതിനും അവ പ്രവര്‍ത്തിപ്പിക്കുന്നതിനും ഭരണഘടന നല്‍കുന്ന ഉറപ്പിന്റെ ലംഘനമാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ നടപടി എന്നായിരുന്നു വാദം.ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മദ്രസകളില്‍ പഠിക്കുന്ന കുട്ടികളോട് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഈ ഉത്തരവും സുപ്രീം കോടതി സ്റ്റേ ചെയ്തു.
മദ്രസകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് നിര്‍ത്തണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസമാണ് നിര്‍ദേശിച്ചത്. മദ്രസകളിലെ വിദ്യാഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങള്‍ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് എന്‍.സി.പി.സി.ആര്‍ കത്തയച്ചു.