കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന അപേക്ഷ നല്‍കിയത് ജൂനിയര്‍ അഭിഭാഷകന്‍; വക്കലാത്തുള്ള അഡ്വേക്കേറ്റില്ലാത്തതിനെ പാതകമായി കണ്ട കൊല്ലത്തെ ഉപഭോക്തൃ ഫോറം; അഭിഭാഷകര്‍ സര്‍വ്വ വ്യാപിയല്ലെന്ന നിര്‍ണ്ണായക നിരീക്ഷണത്തില്‍ അപ്പീല്‍ അനുവദിച്ച് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍; ആ നിര്‍ണ്ണായ പരാമര്‍ശം ചര്‍ച്ചകളില്‍
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്റെ പോസ്റ്റുകളുടെ എണ്ണവുമായി ബന്ധപ്പെട്ട് ഉപഭോക്തൃ കോടതിയില്‍ നടന്ന തര്‍ക്ക പരിഹാരത്തില്‍ ജഡ്ജിമാരുടെ നിര്‍ണായക പരാമര്‍ശം ചര്‍ച്ചകളില്‍. മണ്‍ട്രോത്തുരുത്ത് സ്വദേശിയായ ബിജി.ബിയുടെ പരാതിയിലാണ് സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ജഡ്ജിമാരുടെ നിര്‍ണായക പരാമര്‍ശം ഉണ്ടായത്. ഒരു അഭിഭാഷകന്‍ സര്‍വ്വ വ്യാപിയല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ജഡ്ജിമാരായ ജസ്റ്റിസ് ശ്രീ ബി. സുധീന്ദ്രകുമാറും ജുഡീഷ്യല്‍ മെമ്പരായ ശ്രീ.അജിത്കുമാര്‍ ഡി എന്നിവരുടെ ഉത്തരവിലാണ് പരാമര്‍ശമുണ്ടായത്.
കേബിള്‍ റ്റി.വി പ്രവര്‍ത്തനമാണ് പരാതിക്കാരിയായ ബിജി.ബി യുടെ ഉപജീവനമാര്‍ഗം. കേബിള്‍ റ്റി.വി സേവനത്തിനായുള്ള കേബിളുകള്‍ വൈദ്യുതി ബോര്‍ഡിന്റെ പോസ്റ്റുകളിലൂടെയാണ് വലിച്ചിരുന്നത്. ഓരോ പോസ്റ്റിനും ഒരു നിശ്ചിത തുക നിശ്ചയിച്ച് അത് ബോര്‍ഡില്‍ അടക്കുന്ന രീതിയാണ് പാലിച്ചിരുന്നു. എന്നാല്‍ പോസ്റ്റുകളുടെ എണ്ണത്തെ സംബന്ധിച്ച ഉണ്ടായ തര്‍ക്ക പരിഹാരത്തിനായി കൊല്ലം ജില്ല ഉപഭോക്തൃ ഫോറം മുമ്പാകെ ബിജി അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ വിചാരണ നടക്കവെ കേസ് മറ്റൊരു തീയതിലേക്ക് മാറ്റി വയ്ക്കണമെന്ന് ആവശ്യവുമായി പരാതിക്കാരി മുന്നോട്ട് വന്നു. എന്നാല്‍ ഇതിനായി പരാതിക്കാരിയുടെ അഭിഭാഷകന്‍ മറ്റൊരു അഭിഭാഷകനിലൂടെയാണ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഈ ആവശ്യം തള്ളുകയായിരുന്നു. വക്കാലത്തില്ലാത്ത അഭിഭാഷകന്‍ ഇത്തരത്തില്‍ ഒരു ആവശ്യം കോടതിക്കു മുമ്പാകെ ആവശ്യപ്പെടാന്‍ പാടില്ല എന്ന കാരണം കാട്ടിയാണ് ആവശ്യം തള്ളിയത്. ഇതോടെ ഹര്‍ജിക്കാരിക്കെതിരായി നടപടികള്‍ മാറുകയും ചെയ്തു.
തുടര്‍ന്ന് കൊല്ലം ജില്ല ഉപഭോക്തൃ ഫോറത്തിന്റെ വിധിക്കെതിരെ പരാതിക്കാരി സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലുള്ള ഉത്തരവിലാണ് നിര്‍ണായകമായ പരാമര്‍ശങ്ങള്‍ കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഒരു അഭിഭാഷകന്‍ സര്‍വ്വ വ്യാപിയല്ല. അക്കാരണത്താല്‍ വക്കാലത്തുള്ള അഭിഭാഷകനു മാത്രമേ വസ്തുതകള്‍ ബോധിപ്പിക്കാന്‍ കഴിയൂ എന്നു നിര്‍ദ്ദേശിക്കുന്നത് നിയമ വിരുദ്ധമാണെന്നായിരുന്നു സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ജഡ്ജിമാരുടെ നിരീക്ഷണം.
വക്കാലത്തുള്ള അഭിഭാഷകന്‍ തന്നെ കേസില്‍ കോടതി മുമ്പാകെ ഹാജരാകണമെന്ന് ഒരു നിര്‍ബന്ധമല്ല. ഒരു ജൂനിയര്‍ അഭിഭാഷകന് കേസില്‍ കോടതിയില്‍ കാര്യങ്ങള്‍ ബോധിപ്പിക്കുവാനുള്ള അവകാശം ഉണ്ട്. അതിന് നിയമ സാധുതയുമുണ്ടെന്നും കോടതി വ്യക്തമാക്കി. ബിജിയുടെ പരാതി വീണ്ടും ഫയലില്‍ സ്വീകരിക്കാനും കോടതി ഉത്തരവിട്ടു. പരാതിക്കാരിക്ക് വേണ്ടി അഡ്വ എസ്. രഘുകുമാറും ത്രയാ.ജെ.പിള്ളയുമാണ് ഹാജരായത്.