മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും; ലോകനേതാക്കള്‍ക്കിടയിലുള്ള മോദിയുടെ സ്വാധീനവും ബന്ധവും ഇത്തരം വിഷയങ്ങളില്‍ നിര്‍ണായകം; പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് പറഞ്ഞ് യുഎഇ അംബാസഡര്‍
മോദിയുടെ ഒരു കോള്‍ മതി ഇസ്രയേലിലേക്കും ഇറാനിലേക്കും, യുദ്ധം അവിടെ തീരും
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു കോള്‍ മതിയെന്ന് ഇന്ത്യയിലെ ആദ്യ യുഎഇ സ്ഥാനപതി ഹുസൈന്‍ ഹസ്സന്‍ മിര്‍സ. പശ്ചിമേഷ്യന്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് സംസാരിക്കവേയാണ് ഹുസൈന്‍ മിര്‍സ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.
ഇസ്രയേല്‍, ഇറാന്‍ മേധാവികളുമായി നരേന്ദ്രമോദിക്കുള്ള വ്യക്തിപരമായ ബന്ധം തുറന്നുപറയുകയായിരുന്നു ഹസ്സന്‍ മിര്‍സ. ഈ ബന്ധമുപയോഗിച്ച് സമാധാന ശ്രമങ്ങള്‍ക്ക് തുടക്കമിടാമെന്നും ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ശക്തമായ നയതന്ത്ര നിലപാടും മോദിയുടെ ഇടപെടലും പശ്ചിമേഷ്യയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകനേതാക്കള്‍ക്കിടയിലുള്ള മോദിയുടെ സ്വാധീനവും ബന്ധവും ഇത്തരം വിഷയങ്ങളില്‍ നിര്‍ണായകമാണെന്നും യുഎഇ അംബാസഡര്‍ പറയുന്നു.
'ഇന്ത്യ മഹത്തായ രാജ്യമാണ്, ഇന്ത്യയുടെ പ്രൊഫൈല്‍ അത്രയും മികച്ചതാണ്, ഒരൊറ്റ ഫോണ്‍ കോളിലൂടെ മാത്രം വലിയ മാറ്റം കൊണ്ടുവരാനാകും, ഒറ്റ കോള്‍ മതി, മോദിയൊന്ന് ഇസ്രയേലിലേക്കും ഇറാനിലേക്കും വിളിച്ചാല്‍ അവിടെ തീരും യുദ്ധം' ഹസ്സന്‍ മിര്‍സ പറയുന്നു. സമീപകാലത്തുനടന്ന മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനവും ഇറാനുമായുള്ള സൗഹൃദവും അദ്ദേഹം ചൂണ്ടിക്കാട്ടി.' 10 ദിവസങ്ങള്‍ക്ക് മുന്‍പ് മോദി ഇസ്രയേലിലെത്തി, ഇറാനുമായി മികച്ച സൗഹൃദമുണ്ട് മോദിക്ക്, ഏറ്റവും കൂടുതല്‍ ഇറാനിയന്‍ എണ്ണ വാങ്ങുന്ന രാജ്യം കൂടിയാണ് ഇന്ത്യ, അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഒറ്റകോളിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകും' മിര്‍സ തുടരുന്നു.
ഇന്ത്യയുടെ വികസനത്തില്‍ പതിറ്റാണ്ടുകളായി മികച്ച പങ്കാളിയാണ് യുഎഇയെന്നും അവിടെ ഇന്ത്യന്‍ ജനതയുടെ വലിയൊരു ഭാഗം ജനതയാണ് താമസിക്കുന്നെതെന്നും മിര്‍സ ഓര്‍മിപ്പിക്കുന്നു. യുഎഇയിലുള്ള ഇന്ത്യന്‍ ജനതയുടെ രക്ഷയ്ക്കായി നേതൃത്വം ഇടപെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. 35 ലക്ഷത്തോളം ഇന്ത്യക്കാരാണ് യുഎഇയിലുള്ളതെന്നും അഭിമുഖത്തില്‍ മിര്‍സ പറയുന്നു.
അതേസമയം തന്നെ ഇറാനെതിരായി യുഎഇയുെട മണ്ണില്‍ നിന്നും പ്രവര്‍ത്തിക്കാന്‍ ഒരു സംഘത്തെയും അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കാനാവുമെന്നും യുഎഇ സ്ഥാനപതി ആവര്‍ത്തിക്കുന്നു. സമാന നിലപാടാണ് കുവൈത്തിനും ഖത്തറിനുമുള്ളതെന്നും മിര്‍സ. പശ്ചിമേഷ്യന്‍ സംഘര്‍ഷം പത്താം ദിവസത്തിലേക്ക് കടന്ന വേളയിലും ഇറാന്റെ ഭാഗത്തുനിന്നും യുഎഇ ആക്രമണം നേരിടുകയാണ്. ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ പലതും യുഎഇ തടഞ്ഞെന്നും ഹുസൈന്‍ ഹസ്സന്‍ മിര്‍സ പറയുന്നു.
അതിനിടെ ബഹ്‌റൈനിലെ മനാമയില്‍ പുലര്‍ച്ചെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ജനവാസമേഖലയിലുണ്ടായ ആക്രമണത്തിലാണ് മരണമെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നുള്ള ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുന്നതായി ബഹ്‌റൈന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ജനറല്‍ കമാന്‍ഡ് അറിയിച്ചിരുന്നു. യുദ്ധം ആരംഭിച്ചിട്ട് ഇതുവരെ ഇറാന്റെ 164 ഡ്രോണുകളും 95 മിസൈലുകളും തകര്‍ത്തുവെന്നും മന്ത്രാലയം അറിയിച്ചു.
സാധാരണ ജനങ്ങളെയും സ്വകാര്യ വസ്തുക്കളെയും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കുന്നത് രാജ്യാന്തര നിയമത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്നും പ്രദേശത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും അത് ഭീഷണിയാകുമെന്നും പ്രതിരോധമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
