രാഷ്ട്രപതി റഫറന്‍സ്: അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകള്‍ ഒപ്പിടാനുള്ള സമയപരിധി തള്ളി സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച്; കാരണമില്ലാതെ ബില്ലുകള്‍ തടഞ്ഞു വെച്ചാല്‍ സംസ്ഥാനങ്ങള്‍ക്ക് കോടതിയെ സമീപിക്കാമെന്നും അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠമായ നിലപാട്

രാഷ്ട്രപതി റഫറന്‍സ്: അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരമില്ല

Update: 2025-11-20 06:08 GMT

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച്. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറന്‍സിനാണ് സുപ്രീംകോടതി മറുപടി നല്‍കിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകള്‍ ലഭിക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ മറുപടി. അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ലെന്ന് കോടതി വ്യക്തമാക്കി. വിധി അഞ്ചംഗ ബഞ്ചിന്റെ ഏകകണ്ഠമായ നിലപാടാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ബില്ല് വന്നാല്‍ ഗവര്‍ണര്‍ അനിയന്ത്രിതമായി പിടിച്ചു വെക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ആശയവിനിമയം ഇല്ലാതെ പിടിച്ചു വെക്കുന്നത് അഭിലഷണീയമല്ല. ഗവര്‍ണ്ണര്‍ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വിവേചന അധികാരം എന്തിനൊക്കെ ഉപയോഗിക്കാം എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബില്ലുകളുടെ കാര്യത്തില്‍ ഗവര്‍ണര്‍ക്ക് വിവേചന അധികാരം ഉണ്ട്. ഗവര്‍ണര്‍ അംഗീകാരം നല്‍കാത്ത ബില്ലുകള്‍ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്.

രാഷ്ട്രപതിക്ക് ഈ ബില്ല് അയക്കുകയോ അല്ലെങ്കില്‍ നിയമസഭയിലേക്ക് തിരിച്ചയക്കുകയോ ചെയ്യാനുള്ള വിവേചന അധികാരം ഉണ്ട്. അനിയന്ത്രിതമായി പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ല. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ലെന്നും ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ അംഗീകാരം നല്‍കുന്നതും ഭരണഘടനാപരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബില്ലുകള്‍ നിയമം ആയാല്‍ മാത്രമേ കോടതിക്ക് പരിശോധിക്കാനാകൂ. ബില്ലുകള്‍ പരിഗണനയ്ക്ക് വരുമ്പോള്‍ രാഷ്ട്രപതി എപ്പോഴും സുപ്രീംകോടതിയുടെ ഉപദേശം തേടേണ്ട കാര്യമില്ല. ബില്ലുകളുടെ കാര്യത്തില്‍ മന്ത്രിസഭ പറയുന്നത് പോലെ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയില്ല. ബില്ലുകളുടെ കാര്യത്തില്‍ ന്യായീകരിക്കാനാകാത്ത കാലതാമസം വന്നാല്‍ കോടതിക്ക് ഇടപെടാം. ബില്ലുകളിലെ നടപടി ഇല്ലായ്മയില്‍ കോടതിക്ക് ഇടപെടാന്‍ കഴിയുമെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു. തമിഴ്‌നാട് ബില്ലുകള്‍ക്ക് രണ്ടംഗ ബഞ്ച് അംഗീകാരം നല്‍കിയത് ഭരണഘടന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പറഞ്ഞ കോടതി ബില്ലുകള്‍ അകാരണമായി പിടിച്ചു വെക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി.

പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന സവിശേഷ അധികാരം ഉപയോഗിച്ച്, 14 വിഷയങ്ങളിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു റഫന്‍സില്‍ വ്യക്തത തേടിയത്. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് വ്യക്തത തേടിയത്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി റഫറന്‍സില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണമെന്ന് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.

രാഷ്ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങള്‍ ഇവയാണ്:

1. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഒരു നിയമസഭ പാസ്സാക്കിയ ബില്‍ ലഭിക്കുമ്പോള്‍ ഗവര്‍ണര്‍മാര്‍ക്ക് മുന്നിലുള്ള ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

2. ഈ ഓപ്ഷനുകള്‍ വിനിയോഗിക്കുന്നതില്‍ മന്ത്രിസഭയുടെ ഉപദേശം ഗവര്‍ണര്‍ പാലിക്കേണ്ടതുണ്ടോ?

3. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ വിവേചനാധികാരം പ്രയോഗിക്കുന്നത് ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണോ?

4. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ നടപടികളുടെ ജുഡീഷ്യല്‍ പരിശോധനയ്ക്ക് ആര്‍ട്ടിക്കിള്‍ 361 വിലക്ക് ഏര്‍പ്പെടുത്തുന്നില്ലേ ?

5. ഭരണഘടനാപരമായി സമയപരിധികള്‍ ഇല്ലെങ്കിലും, ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍മാര്‍ അവരുടെ അധികാരങ്ങള്‍ വിനിയോഗിക്കുമ്പോള്‍ കോടതികള്‍ക്ക് സമയപരിധി നിശ്ചയിക്കാനും നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിയുമോ?


6. ആര്‍ട്ടിക്കിള്‍ 201 പ്രകാരം രാഷ്ട്രപതിയുടെ വിവേചനാധികാരം ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണോ?

7. ആര്‍ട്ടിക്കിള്‍ 201 പ്രകാരം രാഷ്ട്രപതിയുടെ വിവേചനാധികാരം പ്രയോഗിക്കുന്നതിന് കോടതികള്‍ക്ക് സമയപരിധികളും നടപടിക്രമങ്ങളും നിശ്ചയിക്കാന്‍ കഴിയുമോ?

8. ഗവര്‍ണര്‍ അയക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 143 പ്രകാരം രാഷ്ട്രപതിക്ക് സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ?

9. ഒരു നിയമം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ആര്‍ട്ടിക്കിള്‍ 200, 201 പ്രകാരം ഗവര്‍ണറും പ്രസിഡന്റും എടുക്കുന്ന തീരുമാനങ്ങള്‍ നീതിന്യായ പരിശോധനയ്ക്ക് വിധേയമാണോ?

10. ആര്‍ട്ടിക്കിള്‍ 142 വഴി പ്രസിഡന്റോ ഗവര്‍ണറോ പ്രയോഗിക്കുന്ന ഭരണഘടനാപരമായ അധികാരങ്ങള്‍ ജുഡീഷ്യറിക്ക് പരിഷ്‌കരിക്കാനോ അസാധുവാക്കാനോ കഴിയുമോ?

11. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു സംസ്ഥാന നിയമം പ്രാബല്യത്തില്‍ വരുമോ?

ബിഎല്‍ഒ ആത്മഹത്യ ചെയ്തത് താങ്ങാനാവാത്ത സമ്മര്‍ദ്ദം മൂലം; ഇതുവരെ മരിച്ചത് 28 പേര്‍; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ മമത ബാനര്‍ജി

12. സുപ്രീം കോടതിയുടെ ഏതെങ്കിലും ബെഞ്ച്, കേസില്‍ ഭരണഘടനാ വ്യാഖ്യാനം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിര്‍ണ്ണയിച്ചാല്‍, ആര്‍ട്ടിക്കിള്‍ 145(3) പ്രകാരം അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിലേക്ക് റഫര്‍ ചെയ്യേണ്ടതല്ലേ?

13. ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള സുപ്രീം കോടതിയുടെ അധികാരങ്ങള്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പുറമേ നിലവിലുള്ള ഭരണഘടന അല്ലെങ്കില്‍ നിയമപരമായ വ്യവസ്ഥകള്‍ക്ക് അതീതമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന് അധികാരമുണ്ടോ ?

14. ആര്‍ട്ടിക്കിള്‍ 131 പ്രകാരമുള്ള സ്യൂട്ടിലൂടെയല്ലാതെ, മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടന സുപ്രീം കോടതിയെ അനുവദിക്കുന്നുണ്ടോ?

ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളില്‍ ജുഡീഷ്യല്‍ വ്യാഖ്യാനത്തിന്റെ ആവശ്യകതയെ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം, എക്സിക്യൂട്ടീവ്, ജുഡീഷ്യല്‍ അധികാരത്തിന്റെ ഭരണഘടനാപരമായ അതിരുകളെക്കുറിച്ച് കൂടി രാഷ്ട്രപതി വ്യക്തത തേടുന്നു.

Tags:    

Similar News