റോഡ് നിര്‍മിച്ചിരിക്കുന്നതില്‍ അപാകത; ഒരു വശത്ത് രണ്ട് വണ്ടിക്ക് പോകാനുള്ള സ്ഥലമുള്ളപ്പോള്‍ മറുവശത്ത് ഒരു വണ്ടിക്ക് പോകാനുള്ള സ്ഥലം മാത്രം; പനയമ്പാടം അപകടസ്ഥലത്ത് സ്വയം വാഹനം ഓടിച്ച ശേഷം അടിയന്തര പരിഷ്‌കരണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി
പനയമ്പാടം അപകടസ്ഥലത്ത് സ്വയം വാഹനം ഓടിച്ച് പരിശോധിച്ച് മന്ത്രി
പാലക്കാട്: കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികളുടെ മരണത്തിനിടയാക്കിയ പനയംപാടം അപകടസ്ഥലത്ത് സ്വന്തം വാഹനം ഓടിച്ച് പരിശോധിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. പനയമ്പാടത്തെ അപകടയിടത്ത് അടിയന്തര പരിഷ്‌കരണമാണ് മന്ത്രി നിര്‍ദ്ദേശിച്ചത്.
സ്വന്തം വാഹനത്തില്‍, കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയും തിരികെയെത്തുകയും ചെയ്താണ് അദ്ദേഹം റോഡിന്റെ അവസ്ഥ പരിശോധിച്ചത്. റോഡില്‍ അടിയന്തരമായ നവീകരണം ആവശ്യമാണെന്ന് ഗണേശ് കുമാര്‍ പറഞ്ഞു. ഇതിന് പണം വേണം. തുക ഹൈവേ അതോറിറ്റി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ നല്‍കിയില്ലെങ്കില്‍ റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നവീകരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടം നടന്ന പ്രദേശത്ത് കയറ്റം കയറി വരുന്ന സമയം ജംഗ്ഷനോട് അടുക്കുമ്പോള്‍ ഓടിക്കുന്നയാള്‍ക്ക് സ്വാഭാവികമായും വണ്ടി വലത്തോട് പിടിക്കാനുള്ള പ്രവണതയുണ്ടാകുന്നുവെന്ന് സ്വന്തം വാഹനം ഓടിച്ചുനോക്കിയ മന്ത്രി വ്യക്തമാക്കി. 'വാഹനം ഓടിക്കുന്നവരെ തെറ്റ് പറയാനാകില്ല. റോഡ് നിര്‍മിച്ചിരിക്കുന്നതിലെ അപാകതയാണ്. ഒരു വശത്ത് രണ്ട് വണ്ടിക്ക് പോകാനുള്ള സ്ഥലമുണ്ട്. എന്നാല്‍ മറുവശത്ത് ഒരു വണ്ടിക്ക് പോകാനുള്ള സ്ഥലമേയുള്ളൂ. സ്വാഭാവികമായും ഡ്രൈവര്‍ സെന്‍ട്രല്‍ ലൈന്‍ പിടിക്കുമ്പോള്‍ വണ്ടി വലത്തേയ്ക്ക് കയറിവരും. അങ്ങനെ വലത്തേയ്ക്ക് കയറിവന്ന ലോറിയുടെ പിന്‍ഭാഗം സിമന്റുമായി വന്ന ലോറിയില്‍ തട്ടുകയും ലോറി കുഞ്ഞുങ്ങളുടെ മേല്‍ മറിയുകയുമായിരുന്നു.
പാലക്കാട് നിന്ന് കോഴിക്കോട്ടേയ്ക്ക് വരുന്ന ഭാഗത്ത് റോഡിന് വീതി കുറവാണ്. അതിനാല്‍ ആദ്യം ചെയ്യാന്‍ പോകുന്നത് മാര്‍ക്കിനെ രണ്ടുമീറ്റര്‍ മാറ്റി നടുവിലൂടെ ഡിവൈഡര്‍ വയ്ക്കുക എന്നതാണ്. ഓട്ടോസ്റ്റാന്‍ഡിനെ ഇടതുവശത്തേയ്ക്ക് മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കും. വണ്ടി തെറ്റുന്നതിന് അടിസ്ഥാനപരമായ പരിഹാരം ഉണ്ടാക്കണം. അതിനായി നാഷണല്‍ ഹൈവേ അതോറിറ്റിയുമായി സംസാരിക്കും. പിഡബ്‌ള്യുഡി മന്ത്രിയുമായി കൂടിയാലോചിച്ചതിനുശേഷം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റ്, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അടക്കം ഉള്ളവരെ അടുത്ത ചൊവ്വാഴ്ച തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിക്കും.
2021ല്‍ ശാന്തകുമാരി എംഎല്‍എയുടെ പരാതി ലഭിച്ചിരുന്നു. മുന്‍മന്ത്രിക്ക് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം അപകടമേഖലയില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ട്. അന്നത്തെ ശുപാര്‍ശകള്‍ ഒന്നും നാഷണല്‍ ഹൈവേ അതോറിറ്റി അംഗീകരിച്ചിരുന്നില്ല. അവര്‍ ചെയ്ത നിര്‍മാണത്തിന്റെ അപാകതയാണ് അപകടത്തിന് കാരണമായത്. നാട്ടുകാര്‍ക്ക് പറയാനുള്ളതുകൂടി കേട്ട് നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ചര്‍ച്ച നടത്തും. അവര്‍ പണം അനുവദിക്കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ റോഡ് സേഫ്ടി അതോറിറ്റി ഫണ്ടില്‍ നിന്ന് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ആവശ്യമായ പണം അനുവദിച്ചുതരും'- മന്ത്രി വ്യക്തമാക്കി.
പനയമ്പാടത്തു എത്തിയ ഗതാഗത മന്ത്രി നാട്ടുകാരുടെ പരിഭവം കേട്ടു. അപകടത്തില്‍ മരിച്ച കുട്ടികളുടെ വീടും മന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുമായി ആലോചിച്ചു ധനസഹായം നല്‍കുന്നതില്‍ തീരുമാനം ഉണ്ടാകുമെന്നും ഗതാഗത മന്ത്രി കരിമ്പയില്‍ പറഞ്ഞു. സമീപത്തെ കോണ്‍ഗ്രസ് സമരപന്തലിലും ഗണേഷ് കുമാര്‍ പോയി.
അപകടം ഒഴിവാക്കാന്‍ റോഡിന്റെ പ്രതലം പരുക്കന്‍ ആക്കുന്നത് ഉള്‍പ്പെടെ അടിയന്തര ഇടപെടല്‍ ഉറപ്പ് നല്‍കി. മന്ത്രിയുടെ ഉറപ്പില്‍ കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചു. രാവിലെ യൂത്ത് ലീഗ് കോഴിക്കോട് - പാലക്കാട് ദേശീയ പാത ഉപരോധിച്ചിരുന്നു. പൊലീസ് സമരക്കാരെ അറസറ്റ് ചെയ്താണ് നീക്കിയത്. ജില്ല ഭരണ കൂടത്തിന്റെ നേതൃത്വത്തില്‍ സംയുക്ത സുരക്ഷ പരിശോധന പൂര്‍ത്തിയാക്കി.
അതിനിടെ, നാലു കുട്ടികളുടെ ജീവനെടുത്ത അപകടത്തില്‍ രണ്ട് ലോറികളുടെയും ഡ്രൈവര്‍മാര്‍ക്കെതിരെ കല്ലടിക്കോട് പോലീസ് കേസ് എടുത്തു. കുട്ടികളുടെ ശരീരത്തില്‍ പതിച്ച സിമന്റ് ലോറിയില്‍ വന്നിടിച്ച ലോറിയുടെ ഡ്രൈവര്‍ വഴിക്കടവ് സ്വദേശി പ്രജീഷിനെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് എഫ്‌ഐആര്‍. തന്റെ ഭാഗത്ത് പിഴവുണ്ടായതായി പൊലീസിനോട് പ്രജീഷ് സമ്മതിച്ചതായും വിവരമുണ്ട്. സിമന്റ് ലോറി ഡ്രൈവര്‍ മഹീന്ദ്ര പ്രസാദിനെതിരെയും കേസുണ്ട്.