ഒന്നാം പ്രതിയും പുറത്തേയ്ക്ക്! ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം; ഉടന്‍ പുറത്തിറങ്ങും; പക്ഷേ കാത്തിരിക്കുന്നത് അതിലും വലിയ കെണി! പിടിമുറുക്കി ഇഡി; തന്ത്രിയുടെ കോടികളുടെ നിക്ഷേപത്തിലും പിടിവീഴുന്നു

Update: 2026-02-05 06:40 GMT

കൊല്ലം: ശബരിമലക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നാംപ്രതിയായ ഉണ്ണിക്കൃഷ്ണന്‍പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ ഇന്നു വൈകുന്നേരം തന്നെ പോറ്റി പുറത്തിറങ്ങും. കേസില്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇക്കാരണത്താല്‍ സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോറ്റി ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസം കോടതി ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടു. തുടര്‍ന്ന് വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

ദ്വാരപാലക കേസില്‍ പോറ്റിക്ക് നേരത്തേ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കേസില്‍ എസ്‌ഐടി ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ മൂന്നു പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണെന്നും കുറ്റപത്രം വൈകുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഹൈക്കോടതി. കുറ്റം ചെയ്തവരാരും രക്ഷപ്പെടില്ലെന്നും ജസ്റ്റിസ് വി.രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി.ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ച് അഭിപ്രായപ്പെട്ടു. സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണത്തിനായുള്ള ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു ഇത്. ഹര്‍ജികള്‍ മാര്‍ച്ച് 13ലേക്കു മാറ്റി. 90 ദിവസത്തിനുശേഷം പ്രതികള്‍ക്കു ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്നു കരുതുന്നില്ല. തിടുക്കത്തില്‍ കുറ്റപത്രം നല്‍കിയാല്‍ വിചാരണയ്ക്കു മുന്‍പേ പ്രതികള്‍ രക്ഷപ്പെടുന്ന സാഹചര്യമുണ്ടാകും. കാത്തിരിക്കൂ എന്നും കോടതി പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, തന്ത്രി സമാജം, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജികളാണു പരിഗണനയിലുള്ളത്.

ദ്വാരപാലകശില്‍പത്തിലെ പാളികളില്‍നിന്ന് സ്വര്‍ണം മാറ്റിയ കേസിലാണ് പോറ്റി ആദ്യം അറസ്റ്റിലായിരുന്നത്. കേസില്‍ ജനുവരി 21-ന് സ്വാഭാവികജാമ്യം ലഭിച്ചിരുന്നു. ഇരു കേസുകളിലും ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പോറ്റിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്ന് പ്രതികള്‍ ഇതിനോടകം ജാമ്യംനേടി പുറത്തിറങ്ങിയിട്ടുണ്ട്. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാര്‍ എന്നിവര്‍ക്കാണ് നേരത്തേ ജാമ്യം ലഭിച്ചത്. മുരാരി ബാബുവിനും സുധീഷിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

പോറ്റിക്കായി പുറത്ത് വലവിരിച്ച് ഇഡി

ജാമ്യം നേടി പുറത്തിറങ്ങിയാല്‍ പോറ്റിയെ പിടികൂടാനൊരുങ്ങിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പോറ്റിയെ ചോദ്യം ചെയ്യുന്നതിനായി ഇഡി സമന്‍സ് തയ്യാറാക്കിയിട്ടുണ്ട്. പോറ്റിയെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ആണ് ഇഡിയുടെ നീക്കം. ജാമ്യം ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള സമന്‍സ് നല്‍കാനാണ് ഇഡി തീരുമാനിച്ചിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ 1.3 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകള്‍ ഇഡി നേരത്തെ മരവിപ്പിച്ചിരുന്നു.

ഇതിനിടെ തിരുവല്ലയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി വരികയാണ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി റെയ്ഡിന് ബന്ധമുണ്ടെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് (എം) മുന്‍ ജില്ലാ പ്രസിഡന്റും നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഉടമയുമായ എന്‍.എം. രാജുവിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഉള്‍പ്പെടെയാണ് ഇഡി പരിശോധന നടത്തുന്നത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാളെ മുന്‍പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ശബരിമല മുന്‍ തന്ത്രി കണ്ഠരര് രാജീവരര്‍ ഈ സ്ഥാപനത്തില്‍ ഏകദേശം രണ്ടര കോടി രൂപ നിക്ഷേപിച്ചിരുന്നു എന്ന വിവരമാണ് ഇഡി റെയ്ഡിന്റെ പ്രധാന പശ്ചാത്തലമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്.ഐ.ടി നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. 152 ശാഖകളുണ്ടായിരുന്ന ഈ സ്വകാര്യ ബാങ്ക് പിന്നീട് പൂട്ടിപ്പോകുകയും അനേകം നിക്ഷേപകര്‍ക്ക് പണം നഷ്ടമാവുകയും ചെയ്തിരുന്നു. സ്ഥാപനം പൂട്ടിയിട്ടും തന്റെ നിക്ഷേപത്തെക്കുറിച്ച് തന്ത്രി പരാതിയൊന്നും നല്‍കിയിരുന്നില്ല എന്നത് ശ്രദ്ധേയമാണ്.

നിക്ഷേപ തട്ടിപ്പിലും അതിലൂടെ നടന്ന കള്ളപ്പണ ഇടപാടുകളിലുമാണ് ഇഡി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തന്ത്രിയുടെ പണത്തിന്റെ ഉറവിടം, അത് നിക്ഷേപിച്ച രീതി എന്നിവയുമായി ബന്ധപ്പെട്ട വിവരശേഖരണവും ഈ റെയ്ഡിന്റെ ഭാഗമായി നടക്കുന്നുണ്ട്. സ്വര്‍ണക്കൊള്ള കേസുമായി ഈ ഇടപാടുകള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നതും ഇഡി പരിശോധിക്കുന്നു.

Tags:    

Similar News