പുലർച്ചെ 5 മണിക്ക് പഠിക്കാൻ എഴുന്നേറ്റു, ഫിസിക്സ് നോട്ട്സ് വായിച്ചു; മിനിറ്റുകൾക്കകം ഇരട്ടസഹോദരി കണ്ടത് ജനലില്‍ തൂങ്ങിനില്‍ക്കുന്ന 16കാരിയെ; വെമ്പായത്തുകാരി കാവ്യാഞ്ജലി ജീവനൊടുക്കിയത് പരീക്ഷാപ്പേടിയില്‍

Update: 2026-03-07 11:16 GMT

വെമ്പായം: തിരുവനന്തപുരം വെമ്പായത്ത് പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. കന്യാകുളങ്ങര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് വിഭാഗം വിദ്യാർത്ഥിനി കാവ്യാഞ്ജലി (16) ആണ് മരിച്ചത്. വെമ്പായം സ്വദേശികളായ ബിജു - പ്രിയ ദമ്പതികളുടെ മകളാണ്. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥിനിയായിരുന്നു കാവ്യാഞ്ജലി. പരീക്ഷാപ്പേടിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. 

കഴിഞ്ഞദിവസം പുലർച്ചെയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പുലർച്ചെ അഞ്ചുമണിക്ക് പഠിക്കാനായി ഇരട്ടസഹോദരി കല്ലോലിനിക്കൊപ്പം കാവ്യാഞ്ജലി എഴുന്നേറ്റതായിരുന്നു. സഹോദരി താഴത്തെ നിലയിലും കാവ്യാഞ്ജലി വീടിന്റെ മുകളിലത്തെ നിലയിലുമാണ് പഠിക്കാനിരുന്നത്. പഠനത്തിനിടെ പിതാവിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് ഫിസിക്സ് നോട്ട്സ് കുട്ടി പരിശോധിച്ചിരുന്നു. എന്നാൽ 5.50-ഓടെ മുകളിലെത്തിയ സഹോദരി കണ്ടത് ജനാലയിൽ തൂങ്ങിനിൽക്കുന്ന കാവ്യാഞ്ജലിയെയാണ്.

സഹോദരിയുടെ നിലവിളി കേട്ടെത്തിയ വീട്ടുകാർ ഉടൻതന്നെ കന്യാകുളങ്ങര ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരീക്ഷ അടുത്തതോടെ കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പഠനത്തിൽ ഏറെ മിടുക്കിയായിരുന്നിട്ടും പരീക്ഷയെക്കുറിച്ചുള്ള അമിതമായ ആശങ്കയാണ് കുട്ടിയെ ഈ കടുംകൈയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ വട്ടപ്പാറ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സയന്റിഫിക് വിദഗ്ദ്ധരും ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Tags:    

Similar News