വാഹന പരിശോധനയിൽ പിടിച്ചെടുത്തത് 20 ലിറ്റർ ചാരായം; എക്സൈസിന്റെ വലയിലായത് ബേക്കറി ഉടമയും സുഹൃത്തും

Update: 2025-11-09 17:35 GMT

ആലപ്പുഴ: കുട്ടനാട്ടിൽ 20 ലിറ്റർ ചാരായവുമായി ബേക്കറി ഉടമയും സുഹൃത്തും എക്സൈസിന്റെ പിടിയിൽ. മങ്കൊമ്പ് ജംഗ്ഷനിലെ പൊന്നൂസ്സ് ബേക്കറി ഉടമ അനിൽകുമാർ (51), സുഹൃത്ത് സുമൻ കുമാർ (55) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇരുവരെയും നിയമനടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലഹരിവ്യാപനം തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് പരിശോധനകൾ ശക്തമാക്കിയിരുന്നു. ഇതിനിടെ, ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് തെക്കേക്കര പാലത്തിന് സമീപം എക്സൈസ് ഉദ്യോഗസ്ഥർ വാഹനപരിശോധന നടത്തുന്നതിനിടെയാണ് സംശയകരമായ രീതിയിൽ സ്കൂട്ടറിൽ വന്ന പ്രതികൾ പിടിയിലായത്.

സ്കൂട്ടറിലെ കാനിൽ സൂക്ഷിച്ചിരുന്ന ചാരായം ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. ഇവർ സഞ്ചരിച്ച ഹോണ്ട ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം.ആർ.സുരേഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് വി.പി.ജോസ്, സിവിൽ എക്സൈസ് ഓഫീസർ മോബി വർഗീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ അനഘ അശോക് കുമാർ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ വിപിനചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 

Tags:    

Similar News