സഹോദരിയെ ശല്യം ചെയ്യരുതെന്ന് വിലക്കിയതിൽ വിരോധം; 23കാരനെ കുത്തി പരിക്കേൽപ്പിച്ചു; രണ്ട പേർ പിടിയിൽ
തിരുവനന്തപുരം: സഹോദരിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞു വിലക്കിയതിന്റെ വിരോധത്തിൽ 23കാരനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. ഡിഗ്രി വിദ്യാർഥിയായ പൂവാർ സ്വദേശിക്കാണ് കുത്തേറ്റത്. ബാലരാമപുരം അയണിമൂട് സ്വദേശി സോജൻ (19)നും വിഴിഞ്ഞം സ്വദേശിയായ ഒരാളുമാണ് പിടിയിലായത്. പാരിപ്പള്ളിയിൽ സുഹൃത്തിന്‍റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പ്രതിയെ വിഴിഞ്ഞം പോലീസ് പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് നടന്ന സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനായ 23 കാരന് കൈയിൽ കുത്തേറ്റത്. ഫോണിൽ വിളിച്ച പെൺകുട്ടിയുടെ സഹോദരനെ നേരിൽ കണ്ട് സംസാരിക്കാമെന്ന് പറഞ്ഞ് രാത്രി ഉച്ചക്കട വട്ടവിള കുരിശടിക്ക് സമീപം വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും പ്രതി ഇടുപ്പിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് കുത്തുകയായിരുന്നു.
യുവാവിന് ഇടതു കൈമുട്ടിൽ ആറ് സ്റ്റിച്ചുകൾ ഉണ്ടായിരുന്നു. പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്. ഒളിവിൽപോയ പ്രതികളെ കണ്ടെത്താൻ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. സോജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുവെന്നും പ്രായപൂർത്തിയാകാത്തയാളെ ജുവൈനൽ കോടതിയിൽ ഹാജരാക്കിയെന്നും പോലീസ് പറഞ്ഞു.