രാവിലെ ക്ലാസിൽ പഠിച്ച തീയറി വൈകുന്നേരം പ്രാക്ടിക്കൽ ആക്കി; റോഡിൽ കുഴഞ്ഞു വീണ യുവതിക്ക് രക്ഷകരായി 3 പെൺകുട്ടികൾ; ആറാം ക്ലാസ് വിദ്യാർത്ഥിനികൾക്ക് കയ്യടി

Update: 2024-12-06 07:20 GMT

കണ്ണൂർ: കണ്ണൂരിൽ റോഡിൽ കുഴഞ്ഞു വീണ യുവതിക്ക് രക്ഷകരായ 3 പെൺകുട്ടികൾക്ക് അഭിനന്ദന പ്രവാഹം. കടയ്ക്കു മുന്നിൽ കുഴഞ്ഞുവീണ യുവതിയെ പ്രഥമ ശുശ്രൂഷ നൽകി രക്ഷിച്ച മൂന്നു കുരുന്നുകൾ മാതൃകയാവുകയാണ്. ആയിഷ അലോന, ഖദീജ കുബ്ര, നഫീസത്തുൽ മിസിരിയ എന്നീ പെൺകുട്ടികളാണ് യുവതിക്ക് പ്രഥമ ശുശ്രൂഷ നൽകി രക്ഷിച്ചത്. കണ്ണൂർ ചൊക്ലി വിപി ഓറിയൻറൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനികളാണിവർ. രാവിലെ പഠിച്ച തിയറി വൈകുന്നേരം പ്രാക്ടിക്കൽ ആക്കുകയായിരുന്നു കുട്ടികൾ.

പിടി ക്ലാസ് കഴിഞ്ഞ് മടങ്ങിവരവെയാണ് സ്ത്രീ കുഴഞ്ഞു വീഴുന്നത് കുട്ടികൾ കണ്ടത്. ഒട്ടും വൈകാതെ കുട്ടികൾ തജങ്ങൾക്ക് അറിയാവുന്ന പ്രതമ ശുശ്രൂഷ ആരംഭിക്കുകയായിരുന്നു. കുഴഞ്ഞു വീണ യുവതിയുടെ കാലും കയ്യും കുട്ടികൾ തടവിക്കൊടുത്തു. കൂടാതെ നെഞ്ചിലും പല തവണ അമർത്തിയിരുന്നു. കയ്യിൽ ചൂട് പിടിപ്പിക്കുകയും കൂടി ചെയ്തതോടെ ബോധം വരികയും ചെയ്തുവെന്ന് കുട്ടികൾ പറയുന്നു.

സംഭവത്തിൽ കടയുടമ ഉൾപ്പെടെ അഭിനന്ദിച്ചുവെന്നും കുട്ടികൾ പറഞ്ഞു. രാവിലെ ക്ലാസിൽ പ്രഥമ ശ്രുശ്രൂഷ ചെയ്യുന്നതിനെ കുറിച്ച് പഠിപ്പിച്ചു തന്നിരുന്നു. ആരെങ്കിലും ബോധരഹിതരായി വീഴുന്നത് കണ്ടാൽ ഇങ്ങനെയൊക്കെ ചെയ്തു നൽകണമെന്ന് പറഞ്ഞു തന്നിരുന്നുവെന്നും കുട്ടികൾ പറഞ്ഞു.

അതേസമയം സംഭവം പുറത്ത് വന്നതോടെ സന്തോഷത്തിലാണ് കുട്ടികളുടെ അധ്യാപകരും. കുട്ടികളെ കുറിച്ച് അഭിമാനം തോന്നുന്ന സമയമാണിതെന്ന് അധ്യാപകനായ പിവി ലൂബിൻ പ്രതികരിച്ചു. തിയ്യറിയായി പറ‍ഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിൽ സന്തോഷമുണ്ടെന്ന് അധ്യാപകൻ കൂട്ടിച്ചേർത്തു. കുട്ടികളെ സ്കൂളിൽ അനുമോദിക്കുകയും ചെയ്തു.  

Tags:    

Similar News