സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ്പയെടുത്തു; തിരിച്ചടക്കാൻ കഴിയാതായതോടെ ഭീഷണി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒരു കുടുംബത്തിലെ 3 പേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വീട്ടമ്മ മരിച്ചു
കൊടുമൺ: പത്തനംതിട്ട കൊടുമണ്ണിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ ഒരാൾ മരിച്ചു. 48 കാരി ലീലയാണ് മരിച്ചത്. പത്തനംതിട്ട കൊടുമൺ രണ്ടാം കുറ്റിയിലാണ് ദാരുണമായ സംഭവം. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അമിതമായി ഗുളികകൾ കഴിച്ച ഭർത്താവ് നീലാംബരനെയും മകനേയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ഒരു മകൻ എറണാംകുളത്ത് ജോലി ചെയ്യുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
ജീവനൊടുക്കാൻ തീരുമാനിച്ചതോടെ കൈയ്യിൽ കിട്ടിയ ഗുളികൾ മൂന്ന് പേരും കഴിച്ചു. എന്നാൽ രാത്രി തനിക്ക് പേടിയാണെന്ന് പറഞ്ഞ് മകൻ പിന്മാറി. പിന്നീട് മകനും ഭർത്താവും ഉറങ്ങിക്കിടക്കുന്ന സമയത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. ലീല വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. രാവിലെ ഇവർ അയൽവാസികളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തങ്ങളും ഗുളിക കഴിച്ചെന്ന് ഇരുവരും വെളിപ്പെടുത്തിയതോടെ അയൽവാസികൾ ഇവരെ ആശുപത്രിയിൽ കൊണ്ടുപോയി.
ആദ്യം അടൂർ താലൂക്ക് ആശുപത്രിയിലേക്കും, പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഒന്നിലധികം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഇവർ വായ്പ്പയെടുത്തിരുന്നു. എന്നാൽ ലോൺ തിരിച്ചടക്കാൻ സാധിച്ചില്ല. പണം തിരിച്ചടക്കാൻ പറ്റാഞ്ഞതിൽ ഭീഷണി ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കുടുംബത്തിനു കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.