പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ഒളിവിലിരിക്കെ ആത്മഹത്യാ ശ്രമം; 54കാരനായ ഡേ കെയർ സ്ഥാപന നടത്തിപ്പുകാരൻ അറസ്റ്റിൽ
തൃശൂർ: ഡേ കെയറിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. സംഭവത്തിൽ ഡേ കെയർ സ്ഥാപന നടത്തിപ്പുകാരനായ പാവറട്ടി തച്ചേരിൽ വീട്ടിൽ ലോറൻസ് എന്ന ബാബു (54)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാലും ഏഴും വയസ്സുള്ള പെൺകുട്ടികളെ സ്ഥാപനത്തിൽ വെച്ച് പല സമയങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന മാതാപിതാക്കളുടെ പരാതിയിലായിരുന്നു അറസ്റ്റ്. പാവറട്ടി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പീഡനം നടന്നതോടെ കുട്ടികളുടെ പെരുമാറ്റത്തിൽ ഉണ്ടായ അസ്വഭാവികത മാതാപിതാക്കളുടെ ശ്രദ്ധയിൽ പെട്ടു. വിവരം തിരക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.
പോലീസ് കേസെടുത്ത വിവരം അറിഞ്ഞതോടെ ലോറൻസ് ഒളിവിൽ പോയി. ഒളിവിലിരിക്കെ പ്രതി പുതുക്കാട് വെച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുമായിരുന്നു. ഇവിടെ വെച്ചാണ് പോലീസ് ഇയാളുടെ അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ വൈശാഖ്.ഡി, എഎസ്ഐമാരായ രമേഷ്, നന്ദകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ജയകൃഷ്ണൻ,പ്രവീൺ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.