കോട്ടയത്ത് ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചു കയറി; ഒതുക്കിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു; ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Update: 2024-10-01 06:18 GMT

കോട്ടയം: ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. പാലാ പൊൻകുന്നം റൂട്ടിൽ വാഴേമഠം ഭാഗത്താണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെ ആറേകാലോടെയായിരുന്നു അപകടം. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

നിയന്ത്രണം വിട്ട ലോറി വീടിനു മുന്നിൽ ഒതുക്കിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു. കുരുവിളയെന്ന വ്യക്തിയുടെ വീടിൻ്റെ മുൻവശം അപകടത്തിൽ തകർന്നു. ഓട്ടോറിക്ഷയിൽ ആരുമില്ലായിരുന്നതിനാൽ ആളപായം ഉണ്ടായില്ല. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ദേശീയപാതയിൽ ആറ്റിങ്ങൽ ആലംകോടിനു സമീപവും സമാനമായ അപകടമുണ്ടായിരുന്നു. നിയന്ത്രണം വിട്ട ഗ്യാസ് പിക്കപ്പ് വാൻ കാറിലും ബൈക്കിലും ഇടിച്ച ശേഷം കടയിലേക്ക് ഇടിച്ചു കയറി. പുളിമൂട് ഭാഗത്തായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കില്ല. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി.

കൊല്ലം ഭാഗത്ത് നിന്ന് വരികയായിരുന്നു ഗ്യാസ് പിക്കപ്പ് വാൻ. പുളിമൂട് ഭാഗത്ത്‌ വെച്ചായിരുന്നു വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. തുടർന്ന് എതിർ ദിശയിൽ വരികയായിരുന്ന വാഹനങ്ങളിൽ ഇടിച്ചു. കാറിലും മറ്റൊരു ബൈക്കിലുമാണ് പിക്കപ്പ് വാൻ ഇടിച്ചത്. ബാലരാമപുരം സ്വദേശി സഞ്ചരിച്ച ആൾട്ടോ കാറിലായിരുന്നു ആദ്യം ഇടിച്ചത്. തുടർന്ന് ബൈക്കിലിടച്ച ശേഷം വലതു വശത്തെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Tags:    

Similar News