നവീൻ ബാബു ആത്മഹത്യ കേസ്; 'പി.പി ദിവ്യയെ കാണാനില്ല'; കണ്ണൂർ എസ്പിക്ക് പരാതി നൽകി ആം ആദ്മി പാര്‍ട്ടി

Update: 2024-10-24 05:20 GMT

കണ്ണൂർ: നവീൻ ബാബു ആത്മഹത്യ കേസിൽ പിപി ദിവ്യക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധവമായി ആം ആദ്മി പാര്‍ട്ടി. മുൻ ജില്ലാ പഞ്ചായത് പ്രസിഡന്റ് കൂടിയായ പിപി ദിവ്യയെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകിയിരിക്കുകയാണ് നേതൃത്വം. ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജയദേവാണ് പരാതി നല്‍കിയത്. കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടിനാണ് ഔദ്യോഗികമായി പരാതി നല്‍കിയത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

‘ദിവ്യ, തിരിനാവ് CRC, സമീപം, ഇരിനാവ് – 670301 എന്ന വിലാസത്തില്‍ താമസിക്കുന്ന ജനപ്രതിനിധിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൂടിയായ ഇവരെ 20 ഒക്ടോബര്‍ മുതല്‍ കാണാനില്ല’ എന്നാണ് പരാതിയില്‍ പറയുന്നത്. കേസിന്റെ പൊതു പ്രാധാന്യം കണക്കിലെടുത്ത്, 2011-ലെ കേരള പോലീസ് ആക്ട് സെക്ഷന്‍ 57 പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. പോലീസ് പരാതി സ്വീകരിച്ചു.

ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയ ദിവ്യക്കെതിരെ നടപടി വൈകുന്നതിൽ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദിവ്യക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധ നടപടിയുമായി ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരിക്കുന്നത്. കേസിൽ ദിവ്യയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Tags:    

Similar News