സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ജീവനെടുത്ത് അപകടം; ബൈക്കും വാനും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം; നാടിന് വേദനയായി ദിൽജിത്തിന്റെ വിയോഗം
പാലക്കാട്: സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ പോകവെ വാഹനാപകടത്തിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്വദേശി ദിൽജിത്ത് (17) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് - കാഞ്ഞിരപ്പുഴ റോഡിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്.
കഴിഞ്ഞ ദിവസം ചിത്രരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ദിൽജിത്ത്, ഇന്ന് നടക്കുന്ന നാടൻപാട്ട് മത്സരത്തിൽ പങ്കെടുക്കാനാണ് ബൈക്കിൽ യാത്ര തിരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് എതിരെ വന്ന ഓമ്നി വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ദിൽജിത്തിന് ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. പള്ളിക്കുറുപ്പ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായിരുന്നു ദിൽജിത്ത്. അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കലോത്സവ വേദിക്കൊരുങ്ങിയ വിദ്യാർത്ഥിയുടെ അപ്രതീക്ഷിത വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.