ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; മകൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചു; മകൾക്ക് ഗുരുതര പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-09-08 10:54 GMT
ചങ്ങരംകുളം: തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ ചിയാന്നൂർ പാടത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. മൂക്കുതല ചേലക്കടവ് പുറയാക്കാട്ട് വീട്ടിൽ ഖദീജ (45) ആണ് മരിച്ചത്. മകൾക്കൊപ്പം സ്‌കൂട്ടറിൽപോകുമ്പോഴാണ് അപകടമുണ്ടായത്. മകൾക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ചങ്ങരംകുളം ഓർക്കിഡ് ആശുപത്രിക്ക് സമീപമാണ് അപകടം നടന്നത്. ഡോക്ടറെ കാണാനായി മകൾ ഹസ്ന ഓടിച്ച സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു ഖദീജ. അപകടത്തിൽ പരിക്കേറ്റ ഹസ്നയെ തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖദീജയുടെ മൃതദേഹം ഓർക്കിഡ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പുറയാക്കാട്ട് അബൂബക്കറാണ് ഖദീജയുടെ ഭർത്താവ്.