ആയൂരിൽ ഓട്ടോറിക്ഷയിലേക്ക് ലോറി പാഞ്ഞുകയറി അപകടം; രണ്ട് പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
കൊല്ലം: ആയൂരിൽ ഓട്ടോറിക്ഷയിലേക്ക് ലോറി പാഞ്ഞുകയറി രണ്ട് പേർക്ക് ദാരുണാന്ത്യം. ഒരാൾക്ക് ഗുരുതര പരിക്ക്. ആയൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ സുൽഫിക്കർ, യാത്രക്കാരി രതി എന്നിവരാണ് മരിച്ചത്. രതിയുടെ ഭർത്താവ് സുരേഷ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.
ലോറി ഡ്രൈവർ വാഹനമോടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ലോറി എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഡ്രൈവർ സുൽഫിക്കർ സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. നാട്ടുകാരും അഗ്നിരക്ഷാസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്ന രതിയെയും സുരേഷിനെയും പുറത്തെടുത്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.