തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; അപകടത്തിൽ 5 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
പാലക്കാട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ നാട്ടുകൽ പോസ്റ്റ് ഓഫീസിന് സമീപം ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടം സംഭവിച്ചത്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാഹന പരിശോധന കഴിഞ്ഞ് മണ്ണാർക്കാടേക്ക് തിരിച്ചുപോവുകയായിരുന്ന പൊലീസ് സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ വാഹനം ഒരു പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇലക്ഷൻ ഡ്യൂട്ടിക്കായി പ്രത്യേകം എടുത്ത വാഹനമാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിക്ക് ശേഷം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. പരിക്കേറ്റ അഞ്ച് പേരെയും ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.