'ജീവൻ തിരിച്ചുകിട്ടിയ നിമിഷം...'; ഫുൾ ലോഡുമായി കയറ്റം കയറവെ ഒന്ന് നിന്നു; പൊടുന്നനെ അപകടം; നിയന്ത്രണം തെറ്റി പിന്നോട്ട് നീങ്ങി ലോറി; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോട്: ഒരു വലിയ അപകടത്തില്‍ നിന്ന് സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി. കോഴിക്കോട് പെരങ്ങളത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പെരിങ്ങളം സ്വദേശി അശ്വതിയാണ് രക്ഷപ്പെട്ടത്. കൈക്ക് നേരിയ പരിക്ക് പറ്റുകയും ചെയ്തു. കയറ്റം കയറുന്നതിനിടെ മുന്നില്‍ പോകുകയായിരുന്ന ലോറി പെട്ടെന്ന് പിറകോട്ട് നീങ്ങിയതാണ് അപകടത്തിന് വഴിവെച്ചത്.
പൊടുന്നനെ യുവതി ഓടിച്ച ഇരുചക്രവാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുചക്രവാഹനത്തില്‍ നിന്ന് യുവതി റോഡിലേക്ക് തെറിച്ച വീണു. ലോറിക്ക് പിന്നിൽ കുടുങ്ങാതെ തെറിച്ചു വീണതിനാലാണ് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഇന്ന് രാവിലെയാണ് അപകടം നടന്നത്. പെരിങ്ങളം അങ്ങാടിയിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള റോഡിൽ സിഡബ്ല്യു ആർ ഡി എമ്മിനു സമീപത്തെ കയറ്റത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. ഇതുവഴി ഹോളോബ്രിക്സുമായി മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ടിപ്പര്‍ ലോറി കയറ്റത്തിൽ വെച്ച് പെട്ടെന്ന് നിന്നു പോവുകയും പിറകിലേക്ക് നീങ്ങുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.