വറ്റിക്കാന്‍ ഉപയോഗിച്ചത് ഡീസല്‍ മോട്ടോര്‍; പുക നിറഞ്ഞ കിണറ്റില്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ ആളും ബോധം കെട്ടു; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഒരാള്‍ മരിച്ചു; അപകടം പത്തനംതിട്ട മേക്കോഴൂരില്‍
കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയാള്‍ വിഷ വാതകം ശ്വസിച്ച് മരിച്ചു
പത്തനംതിട്ട: മൈലപ്ര മേക്കൊഴുരില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയാള്‍ വിഷ വാതകം ശ്വസിച്ച് മരിച്ചു. മലയാലപ്പുഴ ഇലക്കുളത്ത് രഘു (48) ആണ് മരിച്ചത്. വെള്ളം വറ്റിക്കാന്‍ ഉപയോഗിച്ച ഡീസല്‍ മോട്ടോറില്‍ നിന്നുള്ള പുക കിണറില്‍ നിറഞ്ഞിരിക്കുമ്പോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതാണ് അപകട കാരണം.
ബുധനാഴ്ച വൈകിട്ട് 5.30 ന് വെട്ടിമൂട്ടില്‍ ജോര്‍ജ് തോമസിന്റെ പുരയിടത്തിലെ ഏകദേശം 45 അടി ആഴവും അഞ്ചടി വ്യാസവും ഉള്ള കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം. ആദ്യം കിണറ്റില്‍ ഇറങ്ങിയത് വേലായുധന്‍ (50 ) എന്നയാളാണ്. ഇദ്ദേഹത്തിന് ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് കിണറ്റില്‍ അകപ്പെടുകയായിരുന്നു. വേലായുധനെ രക്ഷപ്പെടുത്താനാണ് രഘു ഇറങ്ങിയത്. അഗ്നി രക്ഷാസേനയെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ അഭിജിത്തിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം കിണറ്റില്‍ ഇറങ്ങി രണ്ടുപേരെയും കരയ്ക്ക് കയറ്റി ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
കിണര്‍ വറ്റിക്കുന്നതിനായി ഡീസല്‍ പമ്പ് ഉപയോഗിച്ചതിനാല്‍ പുകയും കാര്‍ബണ്‍ മോണോക്സൈഡ് വാതകവും കിണറിനുള്ളില്‍ നിറഞ്ഞിരുന്നു. ഇത് അറിയാതെ കിണറ്റില്‍ ഇറങ്ങിയതാണ് അപകടകാരണം. കരയ്ക്ക് എത്തിച്ച ഉടനെ തന്നെ സേനാംഗങ്ങള്‍ രണ്ടുപേര്‍ക്കും കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി. ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കിയതിനാല്‍ ഇതില്‍ ഒരാളുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചു. രഘുവിന്റെ ഭാര്യ: സതിയമ്മ. മക്കള്‍: രതീഷ്, രമേശ്, രതി.