ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് വൺവേ തെറ്റിച്ചെത്തി; പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വൻ അപകടം; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: കുതിച്ചെത്തിയ കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷിക് (21) ആണ് ദാരുണമായി മരിച്ചത്. രാത്രി ഒരുമണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു അപകടം നടന്നത്. തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും നേർക്കുനേർ വന്ന് ഇടിക്കുകയായിരുന്നു.
ദേശീയപാത നിർമ്മാണം നടക്കുന്നത് കൊണ്ട് ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതുകൊണ്ട് വൺവേ തെറ്റിച്ചാണ് ബസ് വന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷികിനെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
സംഭവത്തിൽ മംഗലപുരം പോലീസ് കേസെടുത്തു. ആഷിക്കിൻ്റെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അറിയിച്ചു.