ചെങ്ങമനാട് ദേശീയപാതയിൽ സ്‌കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
ചെങ്ങമനാട്: ദേശീയപാത ചെങ്ങമനാട് പറമ്പയം പാലത്തിന് സമീപം സ്‌കൂട്ടറിൽ പാചകവാതക ടാങ്കർ ലോറിയിടിച്ച് അപകടം. സംഭവത്തിൽ സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. ചാലക്കുടി കൊരട്ടി കട്ടപ്പുറം എളാട്ട് കൃഷ്ണൻകുട്ടിയുടെ മകൻ ശ്രീഹരിയാണ് (27) മരിച്ചത്. പറമ്പയം പാലത്തിനും കവലയ്ക്കും ഇടയിൽ വെച്ച് സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ ശ്രീഹരിയുടെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു.
ശ്രീഹരി തൽക്ഷണം മരിച്ചു. അപകടത്തിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. മുന്നിൽ സഞ്ചരിച്ച കാറിൽ തട്ടി സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടകാരണമെന്ന് സംശയമുയർന്നിട്ടുണ്ടെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. വിവരമറിഞ്ഞ് നെടുമ്പാശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ആലുവയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ടോറസ് ലോറി ഡ്രൈവറായിരുന്നു ശ്രീഹരി. രാത്രിയിൽ കൊരട്ടിയിലെ വീടിന് സമീപം സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ വന്ന ഒരു ഫോൺ കോളിനെ തുടർന്ന്, സുഹൃത്തിന്റെ സ്കൂട്ടറിൽ ആലുവ ഭാഗത്തേക്ക് യാത്ര തിരിച്ചതായിരുന്നു ശ്രീഹരിയെന്ന് പൊലീസ് അറിയിച്ചു. ശ്രീഹരി അവിവാഹിതനാണ്. മാതാവ് ഉഷ. സഹോദരി കൃഷ്ണപ്രിയ. അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.