ദേശീയപാതയ്ക്കരികിൽ പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി; ആരുമറിയാതെ കടത്തി കുബുദ്ധി; പിന്നാലെ ജിപിഎസ് സഹായത്തോടെ പോലീസ് ചെയ്തത്; പ്രതികളെ കൈയ്യോടെ പൊക്കി
By : സ്വന്തം ലേഖകൻ
Update: 2025-06-26 13:36 GMT
ഹരിപ്പാട്: ദേശീയപാത നിർമാണ കമ്പനിയുടെ യാർഡിന് സമീപം പാർക്ക് ചെയ്തിരുന്ന ടിപ്പർ ലോറി മോഷണം പോയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുജീബ് റഹ്മാൻ, തൃശ്ശൂർ ചാവക്കാട് സ്വദേശി ഷഫീഖ് എന്നിവരാണ് പോലീസ് വലയിൽ കുടുങ്ങിയത്.
വിശ്വ സമുദ്ര കമ്പനിയുടെ കരുവാറ്റ പാലത്തിനു സമീപമുള്ള യാർഡിന് പുറത്ത് ദേശീയ പാതയ്ക്കരികിൽ പാർക്ക് ചെയ്തിരുന്ന തൃശൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ജിപിഎസിന്റെ സഹായത്തോടെ വാഹനം തമിഴ്നാട്ടിൽ വച്ച് പോലീസ് പിടികൂടുകയായിരുന്നു. ഹരിപ്പാട് പൊലീസ് തമിഴ്നാട്ടിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. ലോറി തിരികെ എത്തിക്കുകയും ചെയ്തിട്ടുണ്ട്.