വീടിനോട് ചേര്‍ന്ന് ഒരു സാധാരണ ഷെഡ്; പോലീസിന്റെ വരവിൽ ഞെട്ടൽ; കണ്ടെത്തിയത് ഒന്നര ലക്ഷം രൂപ വില വരുന്ന മുതൽ; സംഭവം മലപ്പുറത്ത്

Update: 2025-11-09 07:03 GMT

മലപ്പുറം: തലക്കടത്തൂരിൽ വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ (ഹാൻസ്) പിടികൂടി തിരൂർ പോലീസ്. സംഭവത്തിൽ പള്ളിപ്പാട്ട് തുമ്പൻ വീട്ടിൽ സമീർ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് പോലീസ് നടപടി സ്വീകരിച്ചത്.

തിരൂർ സി.ഐ വിഷ്ണുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് സംഘം തിരച്ചിൽ നടത്തിയത്. തിരൂർ എസ്.ഐ ആർ.പി. സുജിത്ത്, ജൂനിയർ എസ്.ഐമാരായ നിർമ്മൽ, അനീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുജിത്ത്, സി.പി.ഒ വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വീടിനോട് ചേർന്നുള്ള ഷെഡിൽ വിൽപ്പനക്കായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാൻസ് ശേഖരം.

കോയമ്പത്തൂരിൽ നിന്നാണ് വിൽപ്പനക്കായി സമീർ ഹാൻസ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കടകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനായിരുന്നു പ്രതിയുടെ പദ്ധതി. പരിചയക്കാർ മുഖേന മൊത്ത വിതരണ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ച ശേഷമാണ് വിൽപ്പന ആരംഭിച്ചതെന്നും ഇയാൾ പോലീസിനോട് സമ്മതിച്ചു.

ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് തിരൂർ സി.ഐ അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    

Similar News