യാത്രക്കിടെ ഹോൺ മുഴക്കിയത് ഇഷ്ടപ്പെട്ടില്ല; തർക്കത്തിനിടെ മൂന്നുപേരെ കുത്തിവീഴ്ത്തി കൊടുംക്രൂരത; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
തൃശ്ശൂർ: തൃശൂർ പേരാമംഗലത്ത് ബൈക്ക് യാത്രക്കിടെ ഹോണടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഈ സംഭവത്തിൽ അച്ഛനും മകനും സുഹൃത്തും അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. മുണ്ടൂരിലെ പച്ചക്കറിക്കടയിലെ ജീവനക്കാരനായ കൃഷ്ണ കിഷോറിനെയാണ് പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30നായിരുന്നു സംഭവം. ബാഡ്മിന്റൺ കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന പേരാമംഗലം സ്വദേശികളായ ബിനീഷ്, മകൻ അഭിനവ്, സുഹൃത്ത് അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്.
വഴിയിൽ ബൈക്ക് പാർക്ക് ചെയ്ത് നിന്ന പ്രതിക്ക് ഹോൺ മുഴക്കിയത് ഇഷ്ടപ്പെട്ടതോടെയാണ് തർക്കം ആരംഭിച്ചത്. പ്രകോപിതനായ പ്രതി മൂവരെയും കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ബൈക്ക് ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെട്ടു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഇയാൾ സ്വമേധയാ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.