സഹോദരിയോട് ഇഷ്ടം തുറന്നുപറഞ്ഞു; പിന്നാലെ നടന്ന് ശല്യം ചെയ്യൽ; ഒടുവിൽ പക മൂത്ത് അരുംകൊല; കേസിൽ അയൽവാസി അടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്
തൃശൂർ: സഹോദരിയെ ഇഷ്ടമാണെന്ന് പറഞ്ഞ് ശല്യം ചെയ്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി ഉൾപ്പെടെ മൂന്ന് പേരെ തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. പറപ്പൂക്കര സ്വദേശിയായ അഖിൽ (28) ആണ് കൊല്ലപ്പെട്ടത്.
പറപ്പൂക്കര സ്വദേശികളായ രോഹിത്ത് , വിബിൻ, ഗിരീഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. രോഹിത്തിൻ്റെ സഹോദരിയോട് അഖിൽ പ്രണയാഭ്യർഥന നടത്തുകയും തുടർന്ന് ശല്യം ചെയ്യുകയും ചെയ്തതാണ് കൊലപാതകത്തിൽ കലാശിച്ചത്.
ശനിയാഴ്ച രാത്രി ഏകദേശം 8:45-ഓടെ അഖിലിന്റെ വീടിന് മുൻപിലെ റോഡിൽ വെച്ചാണ് പ്രതികൾ മാരകായുധമായ കത്തി ഉപയോഗിച്ച് അഖിലിനെ കുത്തിക്കൊന്നത്. പ്രധാന പ്രതിയായ രോഹിത്ത് നേരത്തെ കഞ്ചാവ് കേസിലും, മറ്റൊരു പ്രതിയായ വിബിൻ വധശ്രമക്കേസ് ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിലും പ്രതിയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.