അവൾ പോലും അറിയാതെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ചു; വിവാഹം കഴിഞ്ഞതും പകയും ഭീഷണിയും; സൗഹൃദം മറയാക്കി യുവതിയെ ശല്യം ചെയ്ത പ്രതി ഇനി അഴിയെണ്ണും
പാലക്കാട്: യുവ അഭിഭാഷകയുടെ നഗ്നദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തി പ്രചരിപ്പിച്ച കേസിൽ സുഹൃത്തും വക്കീൽ ഗുമസ്തനുമായ 24 വയസ്സുകാരൻ മുഹമ്മദ് ഷഫീഖ് അറസ്റ്റിൽ. പാലക്കാട് പിരായിരി സ്വദേശിയാണ് പ്രതി. പരാതിയെത്തുടർന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഈ വർഷം ജനുവരി ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവ അഭിഭാഷകയും അറസ്റ്റിലായ മുഹമ്മദ് ഷഫീഖും തമ്മിൽ സൗഹൃദത്തിലായിരുന്നു. ഈ സമയത്താണ് യുവതി അറിയാതെ മുഹമ്മദ് ഷഫീഖ് നഗ്നദൃശ്യങ്ങൾ ചിത്രീകരിച്ചത്. യുവതിയുടെ വിവാഹശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം തകരുകയും തുടർന്ന് പ്രതി ദൃശ്യങ്ങൾ യുവതിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് വഴി അയച്ചുകൊടുക്കുകയുമായിരുന്നു.
സുഹൃദ്ബന്ധത്തിൽനിന്ന് അഭിഭാഷക പിന്മാറിയതിലുള്ള വൈരാഗ്യമാണ് ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഐടി ആക്ട് പ്രകാരമാണ് മുഹമ്മദ് ഷഫീഖിനെതിരെ കേസെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ തുടരന്വേഷണം നടക്കുകയാണ്.