ബസിന്റെ പിൻസീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി ഒമ്പത് വയസ്സുകാരനെ ഉപദ്രവിച്ചു; പ്രകൃതിവിരുദ്ധ പീഡന കേസിൽ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പോലീസ്
കൊല്ലം: ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ടൂറിസ്റ്റ് ബസ് ജീവനക്കാരൻ അറസ്റ്റിൽ. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി 50 വയസ്സുകാരനായ റെജിയാണ് പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റിലായത്. ഇയാളെ വൈദ്യപരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞദിവസം കൊല്ലത്ത് ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ മടങ്ങുന്നതിനിടെയാണ് സംഭവം. ടൂറിസ്റ്റ് ബസിലെ ക്ലീനറായ റെജി, ആൺകുട്ടിയെ ബസിന്റെ പിന്നിലെ സീറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
കുട്ടി മാതാവിനോട് പീഡനവിവരം അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് റെജിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. തുടർന്ന്, പ്രതിയെ ടൂറിസ്റ്റ് ബസിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.