എയർ ഇന്ത്യയുടെ ഏഴ് വിമാന സർവീസുകൾ റദ്ദാക്കി; ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 34 വിമാനങ്ങളും റദ്ദാക്കി; ഒമാനിലേക്കുളള സർവ്വീസുകൾ പുനരാരംഭിച്ചു; കൂടുതൽ അറിയാം

Update: 2026-03-05 09:40 GMT

കൊച്ചി: പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ന് 36 വിമാനങ്ങൾ റദ്ദാക്കി. ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി സർവീസുകൾ മുടങ്ങിയപ്പോൾ ഒമാനിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.

എയർ ഇന്ത്യയുടെ ഏഴ് വിമാനങ്ങളും ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട 34 വിമാനങ്ങളുമാണ് ഇന്ന് റദ്ദാക്കിയത്. അതേസമയം, ദുബായിലേക്കുള്ള അഞ്ച് വിമാനങ്ങൾ സർവീസ് ആരംഭിച്ചു. ഒമാൻ എയറും എയർ ഇന്ത്യ എക്സ്പ്രസും തിരുവനന്തപുരം-മസ്കറ്റ് റൂട്ടിൽ സർവീസുകൾ നടത്തി. മിഡിൽ ഈസ്റ്റിലേക്കുള്ള മറ്റ് സർവീസുകൾ റദ്ദാക്കപ്പെട്ട നിലയിലാണ്.

മണിക്കൂറിൽ 48 വിമാനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന രീതിയിൽ യു.എ.ഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നതോടെ കൂടുതൽ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ വഴിയൊരുങ്ങിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച് അഞ്ച് മുതൽ ഏഴ് വരെ റാസൽഖൈമയിൽ നിന്ന് ഡൽഹി, കൊച്ചി, മുംബൈ എന്നിവിടങ്ങളിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. കൊച്ചിയിൽ നിന്ന് വൈകിട്ട് 4.25ന് പുറപ്പെട്ട് രാത്രി 8.55ന് റാസൽഖൈമയിൽ എത്തുന്ന രീതിയിലാണ് ഈ സർവീസ്.

വ്യോമപാത അടച്ചതിനെ തുടർന്ന് രാജ്യത്ത് കുടുങ്ങിയ വിസ കാലാവധി തീർന്നവർക്ക് യു.എ.ഇ ഇളവുകൾ പ്രഖ്യാപിച്ചു. ഇവർക്കുള്ള ഓവർസ്റ്റേ ഫൈൻ ഒഴിവാക്കും. വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും ഫെബ്രുവരി 28ന് ശേഷം സന്ദർശക വിസ, ടൂറിസ്റ്റ് വിസ എന്നിവയുടെ കാലാവധി തീരുന്നവർക്കും ഇത് ബാധകമാണ്. താമസ വിസ റദ്ദാക്കി രാജ്യം വിടാനിരുന്നവർക്കും പിഴയുണ്ടാവില്ലെന്ന് യു.എ.ഇ ഐ.സി.പി അറിയിച്ചു.

പ്രവാസ മലയാളികൾക്ക് സഹായം ഉറപ്പാക്കുന്നതിനായി നോർക്ക ആറ് ഗൾഫ് രാജ്യങ്ങളിൽ സഹായ കൂട്ടായ്മകൾ രൂപീകരിച്ചിട്ടുണ്ട്. നിലവിലുള്ള പ്രത്യേക സാഹചര്യങ്ങളെ പരിഗണിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സന്ദർശക വിസയിലുള്ളവർക്ക് ഒരു മാസം സ്വമേധയാ അധിക കാലാവധി അനുവദിച്ചു. ഫെബ്രുവരി 28 മുതൽ കാലാവധി കഴിഞ്ഞതോ ഉടൻ കാലാവധി തീരാനിരിക്കുന്നതോ ആയ എല്ലാ വിസിറ്റ് വിസകൾക്കും ഈ ഇളവ് ലഭ്യമാണ്.

Tags:    

Similar News