ബംഗളൂരുവില്‍ നിന്നുള്ള വോൾവോ ബസിൽ കഞ്ചാവ് കടത്ത്; അമരവിള ചെക്ക്പോസ്റ്റിൽ ആന്ധ്രാപ്രദേശ് സ്വദേശി അറസ്റ്റിൽ; പിടിച്ചെടുത്തത് 10.7 കിലോഗ്രാം കഞ്ചാവ്

Update: 2024-09-28 13:14 GMT

തിരുവനന്തപുരം: അമരവിള ചെക്ക്പോസ്റ്റിൽ വീണ്ടും കഞ്ചാവ് വേട്ട. പിടിയിലായത് ബംഗളൂരുവില്‍ നിന്നും കഞ്ചാവുമായെത്തിയ ആന്ധ്രാപ്രദേശ് സ്വദേശി. 10.7 കിലോഗ്രാം കഞ്ചാവാണ് പ്രതിയുടെ കയ്യിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത്. ഷെയ്ഖ് അബ്‍ദുൾ റഹീം ബാഷ (28) എന്നയാളാണ് ചെക്‌പോസ്റ്റിൽ നടന്ന വാഹനപരിശോധനയിൽ കഞ്ചാവുമായി പിടിയിലായത്. വോൾവോ ബസിൽ ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു പ്രതി.

അമരവിള എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ സജിത്ത് ടിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് പ്രതിയെ കുടുക്കിയത്. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രശാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ, അഭിഷേക്, വനിത സിവിൽ എക്സൈസ് ഓഫീസർ സോണിയാ വർഗീസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ, 13.444 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് അമരവിളയിൽ പിടിയിലായിരുന്നു. ബൈക്കിൽ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. കൊല്ലം ചിതറ സ്വദേശി മുഹമ്മദ് അൽത്താഫ് (30) ആണ് അറസ്റ്റിലായത്.

തിരുവനന്തപുരം ടെക്നോപാർക്കിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന ഇയാൾ തിരുവനന്തപുരത്ത് മുറി വാടകയ്ക്ക് എടുത്ത് രാസലഹരി വിൽപന നടത്തുകയായിരുന്നു എന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചത്.

ആര്യങ്കോട് ഭാഗത്ത് വാഹന പരിശോധന നടത്തുമ്പോഴാണ് അൽത്താഫ് ബൈക്കിൽ എത്തിയത്. അമരവിളയിലെ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.എൻ.മഹേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഇയാളിൽ നിന്ന് 13.444 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെത്തി. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.

ടെക്നോപാർക്കിൽ സെക്യൂരിറ്റി ജീവനക്കാരനായ ഇയാൾ റൂം വാടകയ്ക്ക് എടുത്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ മയക്കുമരുന്ന് കടത്തി കൊണ്ട് വന്നിരുന്ന പ്രതി താൻ വാടകയ്ക്ക് എടുത്തിരുന്ന മുറി കേന്ദ്രീകരിച്ച് ലഹരിയുടെ വിതരണം നടത്തിയിരുന്നു എന്നാണ് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിരിക്കുന്നത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗോപകുമാർ, പ്രിവന്റീവ് ഓഫീസർ ഷാജു.കെ, പ്രിവന്റീവ് ഓഫീസർ രാജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് വി.ജെ, അഭിലാഷ്, അഖിൽ, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുരേഷ് കുമാർ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    

Similar News