സ്വത്തിനുവേണ്ടി മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമം; നിലവിളക്കുകൊണ്ട് വയോധികയുടെ തലക്കടിക്കാന്‍ ശ്രമിച്ചു; മകന്‍ അറസ്റ്റില്‍
സ്വത്തിനുവേണ്ടി മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമം; മകന്‍ അറസ്റ്റില്‍
കോഴിക്കോട്: സ്വത്തിനുവേണ്ടി മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. വേങ്ങേരി സ്വദേശി കൊടക്കാട് വീട്ടില്‍ സലില്‍ കുമാറി(50)നെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വേങ്ങേരി കൊടക്കാട് വീട്ടില്‍ താമസിക്കുന്ന 76 വയസുള്ള മാതാവിനെയാണ് മകന്‍ ആക്രമിച്ചത്.
വീടും സ്ഥലവും ബാങ്കിലുള്ള ഡിപ്പോസിറ്റും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം. വെള്ളിയാഴ്ച ഉച്ചക്ക് വയോധിക മുറിയിലിരിക്കുമ്പോള്‍ പ്രതി വാതില്‍ തള്ളിത്തുറന്ന്, ചീത്തവിളിക്കുകയും വീടും സ്ഥലവും ബാങ്കിലുള്ള ഡിപ്പോസിറ്റും എഴുതിത്തരണമെന്നുപറഞ്ഞ് കൈകൊണ്ട് വയോധികയുടെ നെഞ്ചത്തുകുത്തുകയും മുഖത്തടിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
സ്വത്ത് എഴുതിത്തരാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ റൂമിലുണ്ടായിരുന്ന നിലവിളക്കുകൊണ്ട് വയോധികയുടെ തലക്കടിക്കാന്‍ ശ്രമിച്ചു.വീട്ടിലെ ബഹളംകേട്ട് ഓടിയെത്തിയ അടുത്തവീട്ടിലെ യുവാവ് പ്രതിയെ പിടിച്ചുമാറ്റിയതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
തുടര്‍ന്ന്, വയോധികയുടെ പരാതിയില്‍ ചേവായൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണംനടത്തുകയായിരുന്നു. പ്രതിയെ വേങ്ങേരിയില്‍നിന്നാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.