പന്തളത്ത് നിന്ന് കാണാതായ പതിനേഴുകാരിയെ ഇരുപതുകാരനൊപ്പം കണ്ടെത്തി; പോലീസ് പരിശോധന ഭയന്ന് ഒളിപ്പിച്ച് താമസിപ്പിച്ചത് ചെങ്ങന്നൂരിലെ കാട്ടില്‍
പന്തളം: ഡിസംബര്‍ 19 ന് പന്തളത്തുനിന്നും കാണാതായ പതിനേഴുകാരിയെ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ പോലീസ് കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കാട്ടിനുള്ളില്‍ ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിനെയും കസ്റ്റഡിയിലെടുത്തു. പഠിക്കാന്‍ പോയവഴിക്കാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്.
കുട്ടിയെ കാണാതായതിന് കേസെടുത്ത പോലീസ് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം ദിവസങ്ങളോളം നൂറിലധികം സിസിടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷനുകള്‍ ലോഡ്ജുകള്‍ ഹോം സ്റ്റേകള്‍, സ്ത്രീകള്‍ മാത്രം വാടകയ്ക്ക് താമസിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും മറ്റും വിശദമായി പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായവും ലഭ്യമാക്കി.
പ്രത്യേകസംഘത്തെ നിയമിച്ചായിരുന്നു കേസിന്റെ അന്വേഷണം. പെണ്‍കുട്ടിയുടെയും യുവാവിന്റെയും സുഹൃത്തുക്കളുമായി നിരന്തരം പോലീസ് ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചു.അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ്‌കുമാറിന്റെ മേല്‍നോട്ടത്തിലും പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലും 12 അംഗ പ്രത്യേകസംഘമാണ് ഊര്‍ജിതമായ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തി.
കുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവ് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. എറണാകുളത്തേക്ക് പോയ ഇവര്‍ തിരിച്ച് ചെങ്ങന്നൂര്‍ എത്തിയപ്പോള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിന്തുടര്‍ന്നെങ്കിലും വെട്ടിച്ചു കടന്നുകളഞ്ഞു. തുടർന്ന് പെണ്‍കുട്ടിയെ ഇയാള്‍ കാട്ടില്‍ ഒളിപ്പിച്ചു. രാത്രികളില്‍ അവിടെ തങ്ങുകയും, പകല്‍ നേരം, ഇയാള്‍ പുറത്തിറങ്ങി ഒരു സുഹൃത്തിന്റെ സഹായത്തോടെ ഭക്ഷണം ശേഖരിച്ച് കുട്ടിക്കും കൊടുത്ത് കഴിഞ്ഞുകൂടുകയായിരുന്നു. വിവരം മനസ്സിലാക്കിയ അന്വേഷണസംഘം രഹസ്യമായി നടത്തിയ നീക്കത്തില്‍ കാട്ടിനുള്ളില്‍ നിന്നും ഇരുവരെയും കണ്ടെത്തുകയായിരുന്നു.