വിലയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് അടിപിടി; ചോദ്യം ചെയ്യലിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം; രഹസ്യ അറയിൽ നിന്നും കണ്ടെത്തിയത് ലക്ഷങ്ങൾ വിലമവരുന്ന ഇരുതലമൂരികളെ
തിരുവല്ല: തിരുവല്ലയിലെ പാലിയേക്കരയിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന രണ്ട് അപൂർവയിനം ഇരുതലമൂരികളെ വനംവകുപ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രഞ്ജിത്ത് (27) എന്നയാളെ കസ്റ്റഡിയിലെടുത്തു. പാലിയേക്കര കുന്നു ബംഗ്ലാവിൽ രഞ്ജിത്തിൻ്റെ വീട്ടിൽനിന്നാണ് ഇരുതലമൂliകളെ കണ്ടെത്തിയത്.
ഇരുതലമൂരികളുടെ വിലയെച്ചൊല്ലി രഞ്ജിത്തും അങ്കമാലി സ്വദേശിയായ സുഹൃത്തും തമ്മിലുണ്ടായ തർക്കമാണ് അന്വേഷണത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ചുണ്ടായ അടിപിടിയെത്തുടർന്ന് സുഹൃത്ത് അങ്കമാലി പോലീസിൽ രഞ്ജിത്തിനെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇരുതലമൂരികളെ രഹസ്യമായി ഒളിപ്പിച്ച വിവരം പുറത്തുവന്നത്. ഈ വിവരമനുസരിച്ച് പോലീസ് റാന്നിയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയതിനെത്തുടർന്നാണ് പരിശോധന നടന്നത്.
ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ റോബിൻ മാർട്ടിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എഫ് യേശുദാസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എഫ് പ്രകാശ്, യു രാജേഷ് കുമാർ, മീര പണിക്കർ, എസ് ആർ രശ്മി എന്നിവർ ചേർന്നാണ് വീട്ടിൻ്റെ പിന്നിൽ പ്രത്യേകമായി നിർമിച്ച രഹസ്യ അറയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ ഇരുതലമൂരികളെ കണ്ടെത്തിയത്. പിടികൂടിയവയിൽ ഒന്നിന് ഒരു മീറ്റർ 6 സെൻ്റിമീറ്റർ നീളവും മറ്റൊന്നിന് ഒരു മീറ്റർ 16 സെൻ്റിമീറ്റർ നീളവുമുണ്ടെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ ഇവയ്ക്ക് ലക്ഷങ്ങളാണ് വില കണക്കാക്കുന്നത്. വിഷയത്തിൽ തുടർ നടപടികൾക്കായി വനംവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.