മുൻ വൈരാഗ്യം; ബീഫ് സ്റ്റാളിൽ അതിക്രമിച്ച് കയറി ജീവനക്കാരനെ ഇരുമ്പ് താഴ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; കാപ്പ കേസ് പ്രതിയടക്കം രണ്ട് പേർ അറസ്റ്റിൽ
മാനന്തവാടി: മുൻ വൈരാഗ്യത്തെ തുടർന്ന് ബീഫ് സ്റ്റാളിൽ അതിക്രമിച്ച് കയറി ജീവനക്കാരനെ ഇരുമ്പ് താഴ് കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയടക്കം രണ്ട് പേർ അറസ്റ്റിൽ. മാനന്തവാടി എരുമത്തെരുവ് സ്വദേശി ടി.സി. നൗഷാദ് (29), പിലാക്കാവ് സ്വദേശി എം. ഇല്ല്യാസ് (39) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നാം തീയതി രാവിലെയാണ് സംഭവം ഉണ്ടായത്.
മുൻവൈരാഗ്യത്തെ തുടർന്ന് പ്രതികൾ സ്റ്റാളിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നൗഷാദിന് കാപ്പ നിയമം ചുമത്തി വയനാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് കാലാവധി കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് വീണ്ടും സമാനമായ കുറ്റകൃത്യത്തിൽ ഇയാൾ ഏർപ്പെട്ടിരിക്കുന്നത്.പ്രതിക്കെതിരെ വീണ്ടും കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ പൊലീസ് സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.