മഹാരാഷ്ട്രയിൽ നിന്നും കൊറിയർ എത്തി; പൊതി തുറക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടതോടെ ഫിറ്റ്നസ് സെൻ്റർ ഉടമ മുങ്ങി; അന്വേഷണത്തിൽ കഞ്ചാവുമായി പിടിയിൽ

Update: 2024-11-01 09:13 GMT

തൃശൂർ: കൊറിയറിൽ കഞ്ചാവ് എത്തിച്ച കേസിൽ പ്രതി അറസ്റ്റിൽ. മഹാരാഷ്ട്രയിൽ നിന്നാണ് നാലു കിലോ കഞ്ചാവ് കൊറിയർ വഴി വരുത്തിയത്. സംഭവത്തിൽ തൃശൂർ പൂത്തോളിലെ ഫിറ്റ്നസ് സെൻ്റർ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുപുഴ സ്വദേശി വിഷ്ണു (38) ആണ് അറസ്റ്റിലായത്. കൊറിയറുമായെത്തിയ കമ്പനി ജീവനക്കാർ പൊതി തുറക്കാൻ പറഞ്ഞപ്പോൾ പ്രതി സ്ഥലം വിടുകയായിരുന്നു.

ജീവനക്കാരുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് സിസിടിവി കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. പ്രതി കാറിൽ വരുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് വിഷ്ണുവിനെ പിടികൂടാൻ സഹായകമായത്.

ഫിറ്റ്നസ് സെൻ്ററിൽ നടത്തിയ പരിശോധനയിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിരുന്നു. ഇതിനു ശേഷം വിഷ്ണു ഒളിവിൽ പോകുകയായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ എംജെ ജിജോയും സംഘവുമാണ് വിഷ്ണുവിനെ പിടികൂടിയത്. അതേസമയം, കഞ്ചാവ് വാങ്ങാൻ വിഷ്ണുവിന് ഗൂഗിൾ പേ ചെയ്തവരുടെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണ സംഘത്തിന്റെ തിരച്ചിൽ തുടരുകയാണ്. കൊറിയർ വഴിയാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നത്.

Tags:    

Similar News