തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; 20 ഓളം കുപ്രസിദ്ധ ഗുണ്ടകളെ ഉൾപ്പെടുത്തി പിറന്നാൾ ആഘോഷം; വിവരമറിഞ്ഞെത്തിയ സി ഐ, എസ് ഐ ഉൾപ്പെടെയുള്ളവർക്കെതിരെ ആക്രമണം; നാലുപേർ കൂടി പിടിയിൽ
നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട്ട് ഗുണ്ടാവിളയാട്ടം. ഇന്നലെ നടന്ന ഗുണ്ടാ ആക്രമണം പോലീസ് സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കി. കുപ്രസിദ്ധഗുണ്ട സ്റ്റമ്പർ അനീഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെടുമങ്ങാട് പോലീസിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ നാലുപേർ കൂടി പിടിയിൽ. ഇതോടെ കേസിൽ ആകെ അറസ്റ്റിൽ ആയവരുടെ എണ്ണം 12 ആയി. ഇവർക്കെതിരെ വധശ്രമം, പോലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കും.
ഇന്നലെയാണ് സംഭവമുണ്ടായത്. സ്റ്റമ്പർ അനീഷ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ ആക്രമണത്തിൽ സി ഐ, എസ് ഐ ഉൾപ്പെടെയുള്ള പോലീസുകാർക്കാണ് പരിക്കേറ്റത്. അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 20 ഓളം കുപ്രസിദ്ധ ഗുണ്ടകളെ ഉൾപ്പെടുത്തി ഇന്നലെ പാർട്ടി നടത്തിയിരുന്നു. എന്നാൽ പിറന്നാൾ പാർട്ടി നടത്തരുതെന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ പോലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് ആഘോഷങ്ങൾ നടക്കുകയായിരുന്നു. തുടർന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. പോലീസുകാരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ സ്റ്റമ്പർ അനീഷ് ഉൾപ്പെടെ എട്ടു പേരെ പോലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.